ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയില്‍

കണ്ണൂര്‍: വീട്ടുമുറ്റത്ത് കളിച്ചിരുന്ന ആറുവയസ്സുകാരിയെ തമിഴ്നാട് സ്വദേശി തട്ടിക്കൊണ്ടുപോയി. പൊലീസിന്‍െറ ജാഗ്രതയില്‍  പ്രതിയെയും കുഞ്ഞിനെയും രണ്ടു മണിക്കൂറിനകം  കണ്ടത്തെി. കാസര്‍കോട് ചീമേനി ആനിക്കാട് സോനു നിവാസില്‍ പ്രസാദിന്‍െറയും ഫാത്തിമയുടെയും മകള്‍ സോനയെയാണ് പ്രദേശത്തുതന്നെ താമസിക്കുന്ന അരുള്‍ദാസ് (58) എന്ന ഏലിയാസ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ 9.50ഓടെയാണ് സംഭവം.  ഫാത്തിമ വെള്ളമെടുക്കാന്‍ വീട്ടില്‍ നിന്ന് അല്‍പം അകലെയുള്ള കിണറിനരികിലേക്ക് പോയപ്പോഴായിരുന്നു സംഭവം. പ്രസാദ് ഉറങ്ങുകയായിരുന്നു. എട്ടുവയസ്സുകാരനായ സഹോദരനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കൈയില്‍ ചെറിയ ബാഗ് നല്‍കി ബസ് കയറുന്ന സ്ഥലത്തേക്ക് കൊണ്ടുചെല്ലാന്‍ പറഞ്ഞ ശേഷം കൂടെ കൊണ്ടുപോവുകയായിരുന്നു.
 ഫാത്തിമ തിരിച്ചത്തെിയപ്പോഴാണ് കുഞ്ഞ് വീട്ടിലില്ളെന്ന് അറിയുന്നത്. സമീപപ്രദേശത്തൊക്കെ തിരഞ്ഞു. അരുള്‍ദാസിനെയും കാണാനില്ളെന്ന് മനസ്സിലായതോടെ  മകളുമായി കടന്നതാണെന്ന് വ്യക്തമായി. ഇതോടെ ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അരുള്‍ദാസിന്‍െറ  ഒരു കാല്‍, മുട്ടിനു മുകളില്‍വെച്ച് മുറിച്ച നിലയിലാണ്. ക്രച്ചസ് ഉപയോഗിച്ചാണ് നടക്കുന്നത്.   ഈ സൂചനകള്‍ വെച്ച്  ചീമേനി പൊലീസ് വയര്‍ലെസ് വഴി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി. തുടര്‍ന്ന് നടന്ന പരിശോധനയുടെ ഭാഗമായി കുട്ടിയുമായി അരുള്‍ദാസ് ചെറുവത്തൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള ബസില്‍ കയറിയതായി വിവരം ലഭിച്ചു. ചീമേനി സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ കണ്ണൂര്‍ പൊലീസിന് ഈ വിവരം നല്‍കി. 12 മണിയോടെ കണ്ണൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍െറ കീഴിലുള്ള ഇന്‍റര്‍സെപ്റ്റര്‍ വിഭാഗം പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു വരന്ന സുഭാഷ് ബസില്‍  ഇവരെ കണ്ടത്തെി. ഉച്ചക്ക് രണ്ടുമണിയോടെ ഫാത്തിമ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലത്തെി കുഞ്ഞിനെ കൊണ്ടുപോയി.
ഭാര്യക്ക് സുഖമില്ളെന്നും മക്കളില്ലാത്ത താന്‍  ഭാര്യയെ കാണിക്കാന്‍ കുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് അരുള്‍ ദാസ് ടൗണ്‍ പൊലീസിനു നല്‍കിയ മൊഴി.  താന്‍ ബസില്‍ കയറിയപ്പോള്‍ കൂടെ കുട്ടിയും കയറുകയായിരുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മാറ്റിപ്പറഞ്ഞു.  ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂവെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന് നാട്ടുകാരില്‍നിന്ന് അറിഞ്ഞതായി ഫാത്തിമ പൊലീസിനോടു പറഞ്ഞു. പിലിക്കോട് സ്വദേശികളായ ഫാത്തിമയും പ്രസാദും ആറു മാസം മുമ്പാണ് ആനിക്കാട് താമസമാക്കിയത്.
കുപ്പിയും മറ്റും പെറുക്കിവിറ്റ് ജീവിക്കുന്ന അരുള്‍ദാസ് തമിഴ്നാട് ചിദംബരം സ്വദേശിയാണ്. പത്തു വര്‍ഷത്തോളമായി ആനിക്കാടാണ് താമസം. ആദ്യം വാടകക്കായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ അഞ്ച് സെന്‍റ് സ്ഥലവും വീടുമുണ്ട്. ഭാര്യയുടെ വീട് കോഴിക്കോട്  നരിക്കുനിയെന്നാണ് പറയുന്നത്.  പലവിധ വൈരുധ്യങ്ങളുമുണ്ടെന്നും കുഞ്ഞിനെ തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.