സിസ്റ്റര്‍ അമലയുടെ കൊലപാതകം: കീഴടങ്ങിയത് മാനസിക പ്രശ്നങ്ങള്‍ ഉള്ളയാള്‍

കോട്ടയം: പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ തലക്കടിയേറ്റ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റസമ്മതം നടത്തി മാഹി പൊലീസ് സ്റ്റേഷനിലത്തെി കീഴടങ്ങിയ കോട്ടയം കുമ്മനം ഖദരിയ മന്‍സിലില്‍ കെ.വി. നാസര്‍ (46) മാനസികപ്രശ്നങ്ങള്‍ ഉള്ളയാള്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് കന്യാസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപിടിയിലായ വാര്‍ത്ത പരന്നത്. വ്യാഴാഴ്ച രാത്രി മയ്യഴിപ്പുഴയുടെ തീരത്ത് ചൂണ്ടയിടാനിരുന്നപ്പോള്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു നാസര്‍ സ്റ്റേഷനിലത്തെിയത്. പിന്നീട് ‘കോട്ടയത്ത് കൊലപാതകം’ നടത്തിയെന്ന് പറഞ്ഞതോടെയാണ് സംശയത്തിലേക്ക് വഴിതുറന്നത്. മാഹി പൊലീസ് കൂടുതല്‍ ചോദ്യംചെയ്തതോടെ ‘ഓട്ടോഡ്രൈവറെ’ കൊലപ്പെടുത്തിയെന്ന് തിരുത്തി. പിന്നീട് പരസ്പരവിരുദ്ധമായി ഓട്ടേറെ കാര്യങ്ങളും സംസാരിച്ചു. തുടര്‍ന്ന് മാഹി പൊലീസ് കോട്ടയത്തെ പൊലീസുമായി ബന്ധപ്പെട്ടു. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അവിടെയത്തെി നാസറിനെ മാറിമാറി ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധമായിരുന്നു സംസാരം. പൊലീസ് ബന്ധുക്കളെ ഫോണില്‍ വിളിച്ചപ്പോഴാണ് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് നാസര്‍ സമാനമായ രീതിയില്‍ കുമരകം പൊലീസ് സ്റ്റേഷനിലും കീഴടങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 12വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതോടെയാണ് നാസറിന്‍െറ മാനസികനില തകരാറിലായത്.  വ്യാഴാഴ്ച രാത്രി ഒമ്പതോടെ മാഹി പൊലീസ്സ്റ്റേഷനില്‍നിന്ന് ബന്ധുവീടുകളിലേക്ക് ഫോണ്‍വിളി എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ദുരൂഹത തുടരുന്നു
പാലാ: ലിസ്യൂ കാര്‍മല്‍ കോണ്‍വെന്‍റിലെ സിസ്റ്റര്‍ അമല തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. അമല മരിച്ച ദിവസം കോണ്‍വെന്‍റിലുണ്ടായെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഇവരുടെ മുറിയുടെ എതിര്‍വശത്തെ മുറിയില്‍ താമസിച്ചിരുന്ന ഡോ. സിസ്റ്റര്‍ റോബിമരിയ രാത്രി 12.45ന് കാര്‍മല്‍ ഹോസ്പിറ്റലില്‍ പോയി തിരികെ 1.45ന് കോണ്‍വെന്‍റില്‍ എത്തി ലൈറ്റിടാതെ കയറിക്കിടക്കുന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി.
പുലര്‍ച്ചെ 5.30ഓടെ ഉണര്‍ന്ന ഡോക്ടര്‍ മുറിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങവെ കാലില്‍ എന്തോ തട്ടിയപ്പോള്‍ ലൈറ്റിട്ടപ്പോള്‍ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു. അപ്പോഴാണ് മുറിയില്‍ മോഷണം നടന്നതായി മനസ്സിലായതെന്നും ഇവര്‍ മൊഴി നല്‍കി. ഉടന്‍തന്നെ കോണ്‍വെന്‍റിലെ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസില്‍ ഗേറ്റ് തുറന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തി. എന്നാല്‍, ഗേറ്റ് പൂട്ടിത്തന്നെ എന്ന് ഉറപ്പാക്കിയശേഷം ഇരുവരും തിരികെവന്നു. എന്നാല്‍, ഈ വിവരം ഇവര്‍ മറ്റാരോടും പറഞ്ഞിരുന്നില്ല.
അതിനിടെ, സംഭവദിവസം രാത്രി 11.30ന് ഒരാള്‍ കാര്‍പോര്‍ച്ചിന് മുകളില്‍ നില്‍ക്കുന്നതായി കണ്ടെന്ന് കോണ്‍വെന്‍റിലെ താമസക്കാരിയായ സിസ്റ്റര്‍ ജൂലി പൊലീസിനോട് പറഞ്ഞു. എന്നാല്‍, സിസ്റ്റര്‍ ഈ വിവരം ആരോടും പറഞ്ഞില്ലത്രേ.
സിസ്റ്റര്‍ അമല മരണപ്പെട്ടതറിഞ്ഞ ശേഷമാണ് ഇവര്‍ വിവരം പുറത്തുപറയുന്നത്. സാധാരണ കോണ്‍വെന്‍റുകളിലോ വീടുകളിലോ മോഷണമോ അസമയത്ത് അപരിചിതനെ കാണുകയോ ചെയ്താല്‍ ബന്ധപ്പെട്ടവരെയോ പൊലീസിനെയോ വിവരം അറിയിക്കുന്നതിന് പകരം മൂടിവെച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതേ കോണ്‍വെന്‍റില്‍ 70 വയസ്സുള്ള ഒരു സിസ്റ്റര്‍ക്ക് അമലക്ക് സംഭവിച്ചതുപോലുള്ള മുറിവ് തലക്ക് ഏറ്റിരുന്നു. എന്നാല്‍, അത് പുറത്ത് പറയാതെ സിസ്റ്ററെ ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.