കോഴിക്കോട്: ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ നിശ്ചലദൃശ്യത്തില്‍ താത്ത്വികമായി കുഴപ്പമൊന്നുമില്ളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ‘ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങളെ കുരിശിലേറ്റുകയാണ് ഈ ആര്‍.എസ്.എസുകാരും എസ്.എന്‍.ഡി.പി നേതൃത്വത്തിലെ ഒരു വിഭാഗവും ചെയ്യുന്നത്. അതു തുറന്നുകാട്ടുന്നതാണ് ആ ടാബ്ളോ’- അദ്ദേഹം പറഞ്ഞു.
മാധ്യമം ആഴ്ചപ്പതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പോളിറ്റ്ബ്യൂറോവരെ ഖേദം പ്രകടിപ്പിച്ച വിഷയത്തില്‍ തോമസ് ഐസക് തന്‍െറ നിലപാട് തുറന്നടിച്ചത്. കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങളെയും അതിജീവനസമരങ്ങളായി കണ്ട് പിന്താങ്ങാന്‍ പറ്റില്ളെന്നും അദ്ദേഹം പറഞ്ഞു. ‘റോഡ്, ഹൈവേ വികസനങ്ങള്‍ക്കെതിരായി നടക്കുന്ന സമരങ്ങളെ പിന്തുണക്കാനാകില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആദിവാസി സമരംപോലുള്ള പല സമരങ്ങളെയും പിന്തുണക്കാനാവില്ല. ആ സമരം നടത്തിപ്പോയിട്ട് എന്തുനേടി? പറഞ്ഞ എന്തെങ്കിലും കാര്യം നടപ്പില്‍ വന്നോ? അതുകൊണ്ട് എല്ലാ സമരങ്ങളും അതിജീവനത്തിന്‍േറതാണെന്ന വാദം അംഗീകരിക്കാനാവില്ല’- തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ എം.എല്‍.എമാരില്‍ അധികവും കല്യാണത്തിനും മരണത്തിനും ഉദ്ഘാടനത്തിനും പോകുന്നതിനാണ് താല്‍പര്യം കാണിക്കുന്നതെന്നും മാലിന്യ നിര്‍മാര്‍ജനം, ജൈവകൃഷിപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്ക് താല്‍പര്യമില്ളെന്നും തോമസ് ഐസക് പറഞ്ഞു. എം.എല്‍.എമാരില്‍ പകുതിയോളം പേര്‍ ഇടതുമുന്നണിക്കാരായിട്ടും എന്തുകൊണ്ടാണ് ഇത്തരം മുന്നേറ്റം വെറും തോമസ് ഐസക്കില്‍ ഒതുങ്ങുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം എം.എല്‍.എമാരെ വിമര്‍ശിച്ചത്. പണ്ടത്തെപ്പോലെ ഒറ്റയടിക്ക് ഏറ്റെടുത്ത് നടപ്പാക്കാന്‍ പോന്ന മുദ്രാവാക്യങ്ങള്‍ ഇപ്പോഴില്ളെന്നും ഇടതുപക്ഷം ഇനി മറ്റൊരു ഘട്ടത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
കെ.എ. സൈഫുദ്ദീനും ടി. നിഷാദും ചേര്‍ന്നാണ് അഭിമുഖം തയാറാക്കിയത്. മൂന്നാര്‍ തൊഴിലാളി സമരം കൂലിക്കും ബോണസിനും വേണ്ടിമാത്രമുള്ള സമരമല്ളെന്നും പൗരത്വത്തിനുവേണ്ടിയുള്ള സമരമാണെന്നും വിശദീകരിക്കുന്ന ‘പെമ്പിള ഒരുമൈ: സമരത്തിനപ്പുറം മൂന്നാര്‍’, ഇടതുപക്ഷപൊതുമണ്ഡലത്തിന്‍െറ പ്രസക്തിയെക്കുറിച്ച് ഡോ.കെ.എന്‍. പണിക്കരും സര്‍വകലാശാല പാഠ്യപദ്ധതിയുടെ വര്‍ണ വിവേചനത്തെക്കുറിച്ച് ഡോ. എം.ബി. മനോജും എഴുതുന്നു. പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് തിങ്കളാഴ്ച പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.