ബേപ്പൂര്‍: മട്ടുപ്പാവില്‍ മുംബൈ ഉള്ളി കൃഷിചെയ്ത് വിപ്ളവമുണ്ടാക്കിയ ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രന്‍ വീട്ടിന്‍െറ മട്ടുപ്പാവില്‍ നെല്‍കൃഷി ചെയ്ത് പത്തരമാറ്റ് കൊയ്തെടുക്കാനുള്ള തയാറെടുപ്പിലാണ്. ജ്യോതിയെന്ന കരനെല്ലാണ് ചന്ദ്രന്‍ ചാലിയകത്ത് മട്ടുപ്പാവില്‍ കന്നാസുകളില്‍ വിളയിച്ചെടുത്തത്. മൂന്നുവര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന 50 സെന്‍റ് ചുവന്ന മണ്ണില്‍ കരനെല്ല് കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരുന്നു. ഇതില്‍നിന്ന് ശേഖരിച്ചുവെച്ച കരനെല്ലാണ് ചന്ദ്രന്‍ വീടിന്‍െറ മുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്.
ഇത് നൂറുശതമാനവും വിജയിച്ചതോടെ കൂടുതല്‍ കന്നാസുകളില്‍ കൃഷിയിറക്കാനാണ് അദ്ദേഹത്തിന്‍െറ പദ്ധതി. അയല്‍വാസികളും വിദ്യാര്‍ഥികളും റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമെല്ലാം മട്ടുപ്പാവിലെ കൃഷി കാണാന്‍ എത്തുന്നുണ്ട്. കാര്‍ഷികരീതിയില്‍ വ്യത്യസ്തത പുലര്‍ത്താനാണ് കൊളത്തറ റഹ്മാന്‍ ബസാറില്‍ ഇന്‍ഡസ്ട്രിയല്‍ നടത്തുന്ന ചന്ദ്രന്‍ ശ്രമിക്കുന്നത്. ഇതിന്‍െറ ഭാഗമായാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ചെന്ന് മുംബൈ ഉള്ളിയുടെ വിത്ത് കൊണ്ടുവന്ന് തന്‍െറ വീട്ടിന്‍െറ മട്ടുപ്പാവില്‍ പാകി വിളവെടുത്തത്.
കാര്‍ഷികതാല്‍പര്യമുള്ള നിരവധിപേര്‍ക്ക് മുംബൈ ഉള്ളിയുടെ വിത്തുകള്‍ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രീസില്‍ കമ്പികള്‍ വളച്ചെടുക്കുന്നതിനെക്കാള്‍ എളുപ്പമാണ് വ്യത്യസ്തങ്ങളായ കൃഷിരീതികളെയും കാര്‍ഷികവിളകളെയും ‘വളച്ചെടുക്ക’ലെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം. കേരളത്തില്‍ വളരെ അപൂര്‍വമായിമാത്രം കാണുന്നതും എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഫ്രൂട്സ് സലാഡിനൊപ്പം ഉപയോഗിക്കുന്നുതുമായ ലറ്റൂസ് എന്ന വിളയും മട്ടുപ്പാവില്‍ വളര്‍ത്തുന്നുണ്ട്.
കൂടാതെ, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, നീലക്കടല, വെണ്ട, തക്കാളി, നിത്യവഴുതിന, കുരുമുളക് തുടങ്ങിയവയും മട്ടുപ്പാവില്‍ റെഡിയാണ്. ജൈവകൃഷി രീതിയെക്കുറിച്ച് ക്ളാസെടുക്കുന്നതിന് കോളജുകളിലും സ്കൂളുകളിലും റെസിഡന്‍റുകളിലുമെല്ലാം ചന്ദ്രന്‍ ചാലിയകത്ത് നിറസാന്നിധ്യമാണ്. രജിതയാണ് ഭാര്യ. അയ്യില്‍ ചന്ദ്രന്‍, അഷ്ന എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.