പാട്ടുവീട്ടില്‍ നിന്ന് സംഗീതലോകത്തിന് അഭിമാനമായി ആര്യനന്ദയും

കോഴിക്കോട്: ചെറുപ്രായത്തില്‍ പാട്ടുവഴിയില്‍ വിസ്മയം സൃഷ്ടിച്ച ആര്യനന്ദ സംഗീത ലോകത്തിന് അഭിമാനമാവുന്നു. ശാസ്ത്രീയ സംഗീതത്തിലും ഇതര ഗാന ശാഖകളിലും ഒരുപോലെ കഴിവു തെളിയിച്ച ഈ മൂന്നാം ക്ളാസുകാരി എട്ടു വയസ്സിനിടയില്‍ 100ഓളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.

സംഗീതം ആര്യനന്ദക്ക് ജന്മസിദ്ധമായി കിട്ടിയ വരദാനമാണ്. സംഗീത അധ്യാപകരായ രാജേഷ് ബാബുവിന്‍െറയും ഇന്ദുവിന്‍െറയും മകള്‍ അങ്ങനെയാവാനേ തരമുള്ളൂ. പിറന്നുവീണ നാള്‍ തൊട്ട് (ഒരുപക്ഷേ, അതിനുമുമ്പും) അവള്‍ കേള്‍ക്കുന്നത് താരാട്ടുപാട്ടു മുതല്‍ ശാസ്ത്രീയ സംഗീതം വരെയുള്ള ഗാനങ്ങളും സംഗീത പാഠങ്ങളുമാണ്. രണ്ടര വയസ്സുള്ളപ്പോള്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ കാപ്പി രാഗത്തിലുള്ള ‘തവം സെയ്തനൈ’ എന്ന കൃതി അച്ഛനും അമ്മക്കുമൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം.

ഒന്നാം ക്ളാസിലത്തെിയപ്പോള്‍തന്നെ ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും ശ്രദ്ധേയ സാന്നിധ്യമായി ഈ മിടുക്കി. തപസ്യ കടലുണ്ടി സംഘടിപ്പിച്ച അഖിലകേരള ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്യനന്ദ, മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് ആല്‍ബത്തിലൂടെയും വിവിധ ആനിമേഷന്‍ സീഡികളിലൂടെയും സംഗീത പ്രേമികളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്.

വെള്ളിമാടുകുന്ന് സെന്‍റ് ജോസഫ്സ് സ്കൂളില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ ആര്യനന്ദ, ജാഫര്‍ കോളനിയിലെ ആശാരിക്കണ്ടി പറമ്പില്‍ അച്ഛനും അമ്മക്കുമൊപ്പം വാടക വീട്ടിലാണ് താമസം. കൊയിലാണ്ടിക്കടുത്ത കീഴരിയൂരാണ് സ്വദേശം. പിതാവ് രാജേഷ് ബാബുവും മാതാവ് ഇന്ദുവും നിസരി സ്കൂള്‍ മ്യൂസിക്കില്‍ സംഗീത അധ്യാപകരാണ്. രാജേഷ് ബാബു പുതിയങ്ങാടി അല്‍ഹറമൈന്‍ സ്കൂളിലും സംഗീതാധ്യാപകനാണ്. നിസരി സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍െറ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21ന് വൈകീട്ട് ആറിന് ‘സ്നേഹപൂര്‍വം ആര്യനന്ദ’ എന്ന പേരില്‍ ആര്യനന്ദയുടെ ഗാനമേള അരങ്ങേറും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.