കൊച്ചി മേയറെ 11 മണിക്കൂര്‍ ബന്ദിയാക്കി

കൊച്ചി: പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭാ മേയര്‍ ടോണി ചമ്മണിയെ 11 മണിക്കൂര്‍ എല്‍.ഡി.എഫ് ബന്ദിയാക്കി. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി മേയറെ രാത്രി 10ന് വന്‍ പൊലീസ് സംഘം മോചിപ്പിച്ചു. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ വീട്ടിലത്തെിച്ചു.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന നഗരസഭാ പ്രതിപക്ഷാംഗം കെ.ജെ. ജേക്കബ്, സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീര്‍ എന്നിവരുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗണ്‍സില്‍ ഹാളിലും പുറത്തും രാവിലെ 11ന് എല്‍.ഡി.എഫ് ഉപരോധം ആരംഭിച്ചത്. രാവിലെ പ്രത്യേക കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ ഇക്കാര്യം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഹാളില്‍ സമരം ആരംഭിക്കുകയായിരുന്നു. ഇതിനിടെ, ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും വാടാ പോടാ വിളികളും ഉയര്‍ന്നു. യോഗം പിരിച്ചുവിട്ടെന്നറിയിച്ച മേയറുടെ ഡയസിലേക്ക് ഇടത് കൗണ്‍സിലര്‍മാര്‍ ഇരച്ചുകയറി. തുടര്‍ന്നായിരുന്നു ഉപരോധം. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയുമായിരുന്നു ഉപരോധം. ഡയസില്‍ ഈ സമയമത്രയും മേയറും കാത്തിരുന്നു. മേയറെ ഉപരോധിച്ചതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാരും സഭവിട്ട് പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. കൗണ്‍സില്‍ യോഗത്തില്‍ സംസാരിച്ച ബി.ജെ.പി പ്രതിനിധിയും  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.


ഉപരോധം നീണ്ടതോടെ വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യു.ഡി.എഫ് കൗണ്‍സിലര്‍ കര്‍മലി ആന്‍റണിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെതന്നെ നഗരസഭാ ഓഫിസിന് മുന്നിലത്തെിയ എല്‍.ഡി.എഫ് പ്രവര്‍ത്തര്‍ ഓഫിസ് കവാടം ഉപരോധിച്ചിരുന്നു. രാത്രി മേയറെ മോചിപ്പിക്കാന്‍ എത്തിയ  പൊലീസിനെതിരെ പ്രതിഷേധവുമായി എല്‍.ഡി.എഫ് എത്തിയത് കൗണ്‍സില്‍ ഹാളിനകത്തും പുറത്തും ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. മേയറെ പൊലീസ് സംരക്ഷണത്തില്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ്  ചെയ്തു നീക്കിയപ്പോഴും വലത് മുന്നണി പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചു. അറസ്റ്റിലായ കൗണ്‍സിലര്‍മാരെ രണ്ട് പൊലീസ് വാനുകളിലായി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.


കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചത്. സമരം അഞ്ചുദിവസം പിന്നിട്ടതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ കെ.ജെ. ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. കെ.ജെ. ജേക്കബിന് പകരം സമരപ്പന്തലില്‍ കൗണ്‍സിലര്‍ കെ.എന്‍. സുനില്‍ കുമാര്‍ നിരാഹാരം ആരംഭിച്ചു.
അതേസമയം, കൊച്ചിക്ക് കേന്ദ്രം വാഗ്ദാനംചെയ്ത സ്മാര്‍ട്ട് സിറ്റി പദവി സംബന്ധിച്ച് ചര്‍ച്ചചെയ്യാനുള്ള പ്രത്യേക കൗണ്‍സില്‍ യോഗമാണ്  ഉപരോധംമൂലം നടപടികളിലേക്ക് കടക്കാതെ മേയര്‍ പിരിച്ചുവിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ സ്മാര്‍ട്ട് സിറ്റി പദവിക്കായുള്ള നടപടിക്രമം പൂര്‍ത്തിയാക്കുക ഇനി കൊച്ചിക്ക് വെല്ലുവിളിയാണ്. 74 ഡിവിഷനുകളിലും പ്രത്യേക യോഗം ചേരുക, ഗുണഭോക്താക്കളുടെ അഭിപ്രായം ആരായുക തുടങ്ങിയ നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.