40ഓളം പേരെ ചോദ്യംചെയ്തു; അപരിചിതനെ കണ്ടെന്ന് സിസ്റ്റര്‍

പാലാ: കാര്‍മലെറ്റ് കോണ്‍വെന്‍റില്‍ കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ കോണ്‍വെന്‍റിലെ അന്തേവാസികള്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, പെയ്ന്‍റിങ് തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ 40ഓളം പേരെ വെള്ളിയാഴ്ച പൊലീസ് ചോദ്യംചെയ്തു. പാലാ ഡിവൈ.എസ്.പി സുനീഷ്ബാബുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം. കഴിഞ്ഞദിവസങ്ങളില്‍ മഠത്തില്‍ നവീകരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പെയ്ന്‍റിങ് തൊഴിലാളികളെ ചോദ്യം ചെയ്തത്.

അതിനിടെ, തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മുറിയിലെ വാതിലില്‍നിന്ന് ലഭിച്ചു. ഇതോടെ കന്യാസ്ത്രീയെ പുറത്തുനിന്നുള്ള അക്രമി കൊലപ്പെടുത്തിയതാവാമെന്ന സംശയം ബലപ്പെട്ടതായി പൊലീസ് പറഞ്ഞു. മഠത്തിന്‍െറ താഴത്തെ നിലയിലെ ഗ്രില്ലിലെ താഴ് തകര്‍ത്തനിലയിലും കണ്ടത്തെിയിട്ടുണ്ട്. കോണ്‍വെന്‍റിന്‍െറ ഭിത്തിയിലെ പൈപ്പിലൂടെ ആരോ കയറിയ പാടുകളും പൊലീസ് കണ്ടത്തെി. എന്നാല്‍, സംഭവത്തില്‍ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, മഠത്തില്‍ മുമ്പും ആക്രമണമുണ്ടായെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രാവിലെ ബസുകളില്‍ യാത്ര ചെയ്തവരും ചില ഇതരസംസ്ഥാന തൊഴിലാളികളും പൊലീസ് നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയിലാണ് ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്‍റില്‍ അന്തേവാസിയായ സിസ്റ്റര്‍ അമല (69) കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍വെന്‍റിന്‍െറ മൂന്നാം നിലയിലെ മുറിയിലാണ് സിസ്റ്റര്‍ കിടന്നിരുന്നത്. പനിബാധിതയായി ആശുപത്രി ചികിത്സക്കുശേഷം എത്തിയ സിസ്റ്റര്‍ ക്ഷീണിതയായിരുന്നതിനാല്‍ മുറി അടക്കാതെയായിരുന്നു കിടന്നത്.

സിസ്റ്റര്‍ അമലയുടെ മൃതദേഹം വെള്ളിയാഴ്ച പാലാ കാര്‍മല്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിനുശേഷം കിഴതടിയൂര്‍ സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചിയാനി മുഖ്യകാര്‍മികത്വം വഹിക്കും. കൊലപാതകത്തില്‍ പ്രതിയെ കണ്ടത്തൊന്‍ ഡെമ്മി പരീക്ഷണം നടത്തി. ഡെമ്മി കോണ്‍വെന്‍റിന്‍െറ റൂഫില്‍ എത്തിച്ച ശേഷം പൊലീസ് നിഗമനം ചെയ്ത വഴിയിലൂടെ ടെറസിലെ ഹോളില്‍ എത്തിച്ച് ഇതുവഴി കോണ്‍വെന്‍റിനുള്ളിലേക്ക് കടത്തിയാണ് പരീക്ഷണം നടത്തിയത്. ഡെമ്മി കയറുന്ന വിധത്തിലാണ് ഹോളുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതുവഴി തന്നെയാകാം പ്രതി അകത്തുകയറിയതെന്നും സംശയിക്കുന്നുണ്ട്.
അപരിചിതനെ കണ്ടെന്ന്  സിസ്റ്റര്‍
സിസ്റ്റര്‍ അമല മരിച്ച ദിവസം രാത്രി മഠത്തില്‍ അപരിചിതനെ കണ്ടെന്ന് അന്തേവാസിയായ സിസ്റ്ററിന്‍െറ വെളിപ്പെടുത്തല്‍. ഒരാള്‍ ടെറസില്‍ നില്‍ക്കുന്നത് കണ്ടെന്ന് സിസ്റ്റര്‍ ജൂലിയയാണ് പൊലീസിനെ അറിയിച്ചത്. ജനാലയിലൂടെ അപരിചിതനെ കണ്ടതോടെ ഈ വിവരം രാവിലെ മദര്‍ അലക്സ് മരിയ അറിയിച്ചതായും ഇവര്‍ പറഞ്ഞു. രാത്രി 11.30ന് ഒരാള്‍ കാര്‍പോര്‍ച്ചിന് മുകളില്‍ നില്‍ക്കുന്നതായാണ് കണ്ടത്. മഠത്തിന്‍െറ പരിസരങ്ങളില്‍ ഇത്തരത്തില്‍ പലരും ചുറ്റിക്കറങ്ങുന്നത് പതിവായതിനാല്‍ കാര്യമാക്കിയില്ളെന്നാണ് ഇവരുടെ മൊഴി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.