തിരുവനന്തപുരം: വികസനപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഉടമക്ക് നഷ്ടപരിഹാരം നല്‍കുന്ന, സംസ്ഥാനത്തിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
ഇതിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്രനിയമം അനുസരിച്ചുള്ളതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുന്നതിന് നയരൂപവത്കരണം നടത്താം. ഭൂഉടമകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം സ്വീകരിക്കുന്നതിനോ കേന്ദ്രനിയമം അനുസരിച്ചുള്ള ആനുകൂല്യം സ്വീകരിക്കുന്നതിനോ ഉള്ള അവസരം ഇതുമൂലം ലഭിക്കും.
ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നീതിപൂര്‍വകവും ന്യായയുക്തവുമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും നഷ്ടപരിഹാരത്തിനുവേണ്ടി കോടതിയേയും മറ്റും സമീപിക്കുന്നത് ഒഴിവാക്കുകയുമാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ജോലി, പദ്ധതിയില്‍ പങ്കാളിത്തം തുടങ്ങിയവ ആവശ്യാനുസരണം പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരട് പ്രഖ്യാപനം വന്ന് 18 മാസത്തിനുള്ളില്‍ പുനരധിവാസപദ്ധതികള്‍ നടപ്പാക്കും. അവിടെ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ സാമൂഹികാഘാതപഠനം നടത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാറിന്‍െറ 2013ലെ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്‍റ് ആക്ടിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ചട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേന്ദ്രനിയമമനുസരിച്ച് നല്‍കാവുന്നതിനെക്കാള്‍ ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും നല്‍കി ചര്‍ച്ചയിലൂടെ കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാനനയമാണിത്. കൊച്ചി മെട്രോ, വിമാനത്താവളം, ദേശീയപാതകള്‍ തുടങ്ങിയ വന്‍കിട പദ്ധതികളുടെ ത്വരിതഗതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കും അംഗീകാരത്തിനും പിന്നീട് സമര്‍പ്പിക്കാം എന്ന വ്യവസ്ഥയില്‍ റൂള്‍സ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
2013ലെ കേന്ദ്രസര്‍ക്കാറിന്‍െറ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും നല്‍കുന്ന നിയമം നിലവില്‍വരുകയും അതോടെ സംസ്ഥാനത്തെ 1894ലെ പൊന്നുംവില നിയമം ഇല്ലാതാവുകയും ചെയ്തു. എന്നാല്‍, 2013ലെ ആക്ടിന്‍െറ 109ാം വകുപ്പു പ്രകാരം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഈ ആക്ട് നടപ്പാക്കാന്‍ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാം. ഇതനുസരിച്ചു കരട് ചട്ടങ്ങള്‍ രൂപവത്കരിക്കുകയും നിയമവകുപ്പ് പരിശോധിക്കുകയും ചെയ്തു. 2013ലെ ആക്ടിലെ ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും അത് ലാപ്സായി. ഈ ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി കരടുചട്ടങ്ങള്‍ വീണ്ടും നിയമവകുപ്പിന് അയച്ചു. പുതിയ ചട്ടത്തിന്‍െറ ചുവടുപിടിച്ച് ഭൂമി ഏറ്റെടുക്കലിനായി കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല പുനരധിവാസസമിതികള്‍ രൂപവത്കരിക്കും. ഈ സമിതിയുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതിയും രൂപവത്കരിക്കും. ജില്ലാതല ശിപാര്‍ശകള്‍ ഇവര്‍ പരിശോധിച്ച് തിരികെ നല്‍കും. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കുകയും അവരെ വിശദാംശങ്ങള്‍ അറിയിക്കുകകയും ചെയ്യും. ആവശ്യമെങ്കില്‍ ജില്ലാസമിതിക്ക് വീണ്ടും സംസ്ഥാനസമിതിയെ സമീപിക്കാം.
മറ്റു തീരുമാനങ്ങള്‍
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി.ക്ക്
സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും അധ്യാപകേതര തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്സ് ലീഗല്‍ സ്റ്റഡീസ്, ഫിഷറീസ് & ഓഷന്‍ സ്റ്റഡീസ് സര്‍വകലാശാല, വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നീ 13 സര്‍വകലാശാലകള്‍ക്കാണ് ഇത് ബാധകമാകുക.
ഭാരത് നെറ്റ് പദ്ധതി
ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച നടപടിക്രമങ്ങളും കൈകാര്യം ചെയ്യേണ്ട വിഷയങ്ങളും തയ്യാറാക്കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും വിവരസാങ്കേതിക വിദ്യാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും തദ്ദേശ സ്വയംഭരണ വകുപ്പ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഊര്‍ജ വകുപ്പ് സെക്രട്ടറി, ഐറ്റിമിഷന്‍ ഡയറക്ടര്‍, ടെലികമ്യൂണിക്കേഷന്‍സ് ടേം സെല്‍ ഡയറക്ടര്‍, ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ എന്നിവര്‍ അംഗങ്ങളും ആയി സമിതി രൂപീകരിക്കും. ഭാരത് നെറ്റ് പദ്ധതി സംബന്ധിച്ച് വിശദമായ സര്‍വെ നടത്തുവാനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനും മറ്റും ഓപ്പണ്‍ ടെന്‍ഡറിലൂടെ കണ്‍സള്‍റ്റന്‍സി ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതിനാവശ്യമായ 150 ലക്ഷം രൂപ ഐ.ടി. മിഷന്‍ ഫണ്ടില്‍ നിന്നും വകയിരുത്തും.
അങ്കണവാടി വര്‍ക്കേഴ്‌സ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ഫണ്ട് ഓര്‍ഡിനന്‍സ്
അങ്കണവാടി വര്‍ക്കേഴ്‌സ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ഫണ്ട് രൂപീകരിക്കുവാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. അങ്കണവാടി വര്‍ക്കര്‍ക്ക് പ്രതിമാസം 200 രൂപയും ഹെല്‍പ്പര്‍ക്ക് 100 രൂപയുമാണ് അംശദായം. പത്തുവര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുന്ന അംഗത്തിന് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. അഞ്ചുവര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി അംശദായമടച്ചവര്‍ക്ക് പിരിഞ്ഞുപോകുമ്പോള്‍ അടച്ച തുകയും പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം അംശദായം അടച്ചവര്‍ക്ക് അടച്ച തുകയ്ക്കു മാത്രമേ അര്‍ഹതയുണ്ടാകൂ. ഇതിന്റെ നടത്തിപ്പിനായാണ് കേരള അങ്കണവാടി വര്‍ക്കര്‍മാരുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നോമിനിയായിരിക്കും ചെയര്‍പേഴ്‌സണ്‍. അങ്കണവാടി വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും പ്രതിനിധീകരിച്ച് നാല് അംഗങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.