പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം: ഹൈകോടതി

കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ പിന്‍ സീറ്റിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ ഇളവനുവദിച്ച  2003 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.യു രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ റോഡില്‍ വീണ് മരിക്കാനിടയാകുന്നത് തടയണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129–ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനവുമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി വാദം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ ഉത്തരവുണ്ടാകുക.

സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷാ സമിതി നേരത്തേ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആ വ്യവസ്ഥയോട് യോജിക്കുന്നില്ളെന്ന നിലപാടാണ് കേരളം കൈക്കൊണ്ടത്. ഈ വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍െറ വാദം.

ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കണമെന്ന് 2003ല്‍ ഹൈകോടതി വിധിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.