ആലുവ: പാലിയേക്കര ടോള്‍ പ്ളാസയില്‍ മൂന്ന് കൊല്ലംകൊണ്ട് പിരിഞ്ഞത് 323.49 കോടിയെന്ന് ഒൗദ്യോഗിക കണക്കുകള്‍. വിവരാവകാശ പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ കണക്കുള്ളത്. എന്നാല്‍, യഥാര്‍ഥ വരുമാനം ഇതില്‍ കൂടുതലായിരിക്കുമെന്നാണ് അറിയുന്നത്. ഒരു ദിവസത്തെ പിരിവ് 26.03 ലക്ഷം എന്നാണ് കണക്ക്. ഇത് പ്രകാരം മാസം 7.89 കോടി രൂപയും ഒരു വര്‍ഷം 94.68 കോടി രൂപയും, കഴിഞ്ഞ മാര്‍ച്ച് 31 വരെ മൂന്ന് വര്‍ഷത്തേക്ക് 284.4 കോടി രൂപയുമാണ് ടോള്‍ പിരിച്ചിരിക്കുന്നത്. എന്നാല്‍, 245.42 കോടി പിരിച്ചതായാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. 2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ അഞ്ച് മാസത്തെ കണക്കുകൂടി കൂട്ടിയാല്‍ 284.87 കോടിയാണ് പിരിച്ചിരിക്കുന്നത്.
എന്നാല്‍, ഒരു ദിവസത്തെ കലക്ഷന്‍ 26.03 ലക്ഷം രൂപയെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന കണക്ക്. ഇത് പ്രകാരം കണക്കാക്കിയാല്‍ ഈ ആഗസ്റ്റ് വരെ മൂന്ന് കൊല്ലവും അഞ്ച് മാസവും 323.49 കോടിയുടെ ടോളാണ് കമ്പനി പിരിച്ചെടുത്തത്. അങ്കമാലി-മണ്ണുത്തി നാലുവരിപ്പാതയുടെ കരാറനുസരിച്ച് 18 വര്‍ഷമാണ് ടോള്‍ പിരിവ്. നാലുവരിപ്പാതയുടെ നിര്‍മാണച്ചെലവ് 312.80 കോടി രൂപയാണ്. മൂന്ന് വര്‍ഷം കൊണ്ട് മാത്രം കമ്പനി മുടക്കിയ തുക തിരിച്ചുകിട്ടും. ഇതിന് പുറമെ 10.69 കോടി രൂപ അധിക വരുമാനം ലഭിക്കുകയും ചെയ്യും.
18 വര്‍ഷത്തില്‍ ബാക്കി 15 വര്‍ഷം കൂടി ടോള്‍ പിരിക്കുമ്പോള്‍ 1500ഓളം കോടി രൂപ നിലവിലെ കണക്ക്പ്രകാരം ലഭിക്കും. ഇതിന് പുറമെ ഓരോ വര്‍ഷം ഉണ്ടാകുന്ന ടോള്‍ സംഖ്യാ വര്‍ധനവും സൂചിക നിലവാര വര്‍ധനവും കണക്കാക്കുമ്പോള്‍ ഏകദേശം 2500 കോടി രൂപ ടോള്‍ കമ്പനി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.