കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന്‌ വി.എം.സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണ് തീരുമാനങ്ങളെടുക്കുന്നത്. അത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ളെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഇടപെടുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും യാഥാര്‍ഥ്യമാക്കാനാണ് ഇടപെടുന്നത്. സര്‍ക്കാറുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ പുറത്തു വരുന്നത് ചില തല്‍പരകക്ഷികള്‍ ഇടപെടുമ്പോഴാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ അധികാരത്തിന്‍െറ തണലിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് എസ്.എന്‍.ഡി.പി^ ബി.ജെ.പി ബന്ധത്തെകുറിച്ച് സുധീരന്‍ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങള്‍ ആര്‍.എസ്.എസ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമ്മര്‍ദത്തിന് എസ്.എന്‍.ഡി.പി നേതൃത്വം വഴങ്ങുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച സുധീരനെതിരെ ‘ഐ’ വിഭാഗം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടാണ് പരാതി കൈമാറിയത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ സുധീരന്‍ ‘ഐ’ വിഭാഗം നേതാക്കള്‍ക്കെതിരെ ഉയര്‍ത്തുന്നുവെന്നായിരുന്നു പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.