കോട്ടയം: ധനവകുപ്പിന്‍െറ കടുംപിടിത്തത്തെ തുടര്‍ന്ന് ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് നെല്ല് സംഭരണം നിര്‍ത്തി. 2011 മുതല്‍ നെല്ല് സംഭരിച്ച വകയില്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 7.5 കോടി നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഓയില്‍പാം സംഭരിക്കുന്ന നെല്ലിനും സപൈ്ളകോക്ക് നല്‍കുന്ന അതേ സബ്സിഡി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, 43ലക്ഷം മാത്രമാണ് ഇതുവരെ അനുവദിച്ചത്. പുതിയ സീസണിലേക്കുള്ള സംഭരണനടപടികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ സമ്മര്‍ദത്തെതുടര്‍ന്നാണ് ഓയില്‍പാം നെല്ല് സംഭരണം തുടങ്ങിയതെന്ന് ചെയര്‍മാന്‍ ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. 10 കോടി ചെലവിട്ടാണ് വൈക്കം വെച്ചൂരില്‍ മോഡേണ്‍ റൈസ് മില്‍ സ്ഥാപിച്ചത്. ഇതിനൊപ്പം നെല്ല് സംഭരണത്തിനായി 10 കോടിയും ചെലവഴിച്ചു. എണ്ണപ്പന കൃഷിയില്‍നിന്നുള്ള വരുമാനമാണ് ഇതിനായി ചെലവഴിച്ചത്. എന്നാല്‍, സബ്സിഡി തുക ലഭിക്കാത്തതിനാല്‍ കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നെല്ളെടുക്കുന്നത് അവസാനിപ്പിക്കുന്നത്.
സപൈ്ളകോയെ അപേക്ഷിച്ച് വേഗത്തില്‍ തുക ലഭിക്കുന്നതിനാല്‍ ഓയില്‍പാമിന് നെല്ല് നല്‍കാനായിരുന്നു കര്‍ഷകര്‍ക്ക് താല്‍പര്യം. സ്വകാര്യ മില്ലുകാരുടെ ചൂഷണത്തിനിടെ ഇത് കര്‍ഷകര്‍ക്ക് ആശ്വാസവുമായിരുന്നു. ഓയില്‍പാമിന്‍െറ വരവോടെ കടുത്ത നിബന്ധനകളില്‍ ഉളവ് വരുത്താന്‍ സ്വകാര്യ മില്ലുകാര്‍ നിര്‍ബന്ധിതരുമായിരുന്നു. കുട്ടനാട്ടില്‍ നിന്നും പാലക്കാട്ടുനിന്നുമായിരുന്നു ഓയില്‍പാം നെല്ളെടുത്തിരുന്നത്. ഇത് വെച്ചൂരിലെ ഓയില്‍പാം മില്ലില്‍ എത്തിച്ച് ഇവിടെനിന്ന് കുട്ടനാട് റൈസ് എന്ന ബ്രാന്‍ഡില്‍ കലര്‍പ്പില്ലാത്ത കുട്ടനാടന്‍ അരി വിപണിയിലിറക്കുകയായിരുന്നു. 2011 മുതല്‍ ’14 വരെ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് 8924ടണ്‍ നെല്ലാണ് സംഭരിച്ചത്.
തുടക്കത്തില്‍ വന്‍ മുതല്‍മുടക്കുണ്ടായിരുന്നതിനാല്‍ അരി വിറ്റ് പിടിച്ചുനില്‍ക്കാനാകില്ളെന്നാണ് ഓയില്‍പാം അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ താങ്ങുവിലയായ 19 രൂപക്കാണ് കമ്പനി നെല്ല് എടുക്കുന്നത്. പുറത്തുനിന്ന് 13-14 രൂപക്ക് നെല്ല് ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇങ്ങനെ നെല്ളെടുത്ത് അരിയാക്കിയാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ പറഞ്ഞു. 25 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണുള്ളത്. പാമോയിലിന്‍െറ വില കുറഞ്ഞുവരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നെല്ല് സംഭരണത്തിനുള്ള സൈലോ നിര്‍മിക്കാന്‍ ഓയില്‍പാമിന് 10കോടി അനുവദിച്ചിരുന്നു. ഇതിന്‍െറ നിര്‍മാണം ഒക്ടോബറില്‍ പകുതിയോടെ പൂര്‍ത്തിയാകും. വര്‍ഷം 11,000 മെട്രിക്ക് ടണ്‍ നെല്ല് സംഭരിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനിടെയാണ് സര്‍ക്കാര്‍ തുക നല്‍കാത്തതുമൂലം സംഭരണത്തില്‍നിന്നുതന്നെ ഓയില്‍പാം പിന്മാറുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.