മൂന്നാര്‍: പുലര്‍കാലത്ത് ലോകം മുഴുവന്‍ മൂന്നാര്‍ തേയിലയുടെ സ്വാദ് നുകര്‍ന്ന് ചായ കുടിക്കുമ്പോള്‍ ഇവിടത്തെ തോട്ടംതൊഴിലാളിക്ക് രാവിലെ പണിക്കിടയില്‍ ലഭിക്കുന്നത് ഒരു ഗ്ളാസ് കട്ടന്‍കാപ്പി. അതില്‍ ചേര്‍ക്കാന്‍ കമ്പനി അനുവദിച്ചത് 13 ഗ്രാം കരിപ്പെട്ടിയും. അതേസമയം, തൊഴിലാളികളുടെ വിയര്‍പ്പില്‍ കെട്ടിപ്പടുത്ത കണ്ണന്‍ദേവന്‍ കമ്പനിയുടെ മാനേജര്‍മാര്‍ അനുഭവിക്കുന്നത് രാജകീയ സുഖസൗകര്യങ്ങളും.
ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് തോട്ടം തൊളിലാളികള്‍ ജീവിക്കുന്ന ലയങ്ങള്‍. നിന്നുതിരിയാന്‍ ഇടമില്ലാത്ത ലയങ്ങളില്‍ മൂന്നുതലമുറയിലെ പതിനെട്ടും ഇരുപതും ജീവനുകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. അതേസമയം, കമ്പനിയിലെ സ്റ്റാഫിന് ആറും ഏഴും മുറികളുള്ള ക്വാര്‍ട്ടേഴ്സുകള്‍. മാനേജര്‍മാര്‍ക്ക് വുഡന്‍ ഫ്ളോറിങ് ഉള്ള 15 മുറി ബംഗ്ളാവ്. ഇവര്‍ക്ക് ഒരു വര്‍ഷം പാചകത്തിന് 24 ഗ്യാസ് സിലിണ്ടറുകള്‍. പുറമേ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് ലിറ്റര്‍ മണ്ണെണ്ണ വേറെ. അതേസമയം, അത്താഴപ്പട്ടിണിക്കാരായ തൊഴിലാളികളുടെ അടുപ്പുകളില്‍ പുകയുന്ന വിറകിന് 900 രൂപ വാങ്ങാന്‍ മടിക്കുന്നില്ല കമ്പനി.
പരമാവധി 3000 രൂപ വരെയുള്ള ബോണസിനാണ് തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി സമരം ചെയ്യുന്നത്. മാനേജര്‍മാര്‍ക്ക് ലഭിക്കുന്ന ബോണസ് എത്രയെന്ന് അറിയുമ്പോള്‍ മാത്രമേ കാലങ്ങളായി നടക്കുന്ന തൊഴിലാളി ചൂഷണത്തിന്‍െറ വ്യാപ്തി മനസ്സിലാകൂ. മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ ഇതുവരുമെന്ന് വര്‍ഷങ്ങളായി കമ്പനിക്കായി പണിയെടുത്ത പൊന്നയ്യ പറയുന്നു. ആശുപത്രിയില്‍ പോകുന്നതിന് തൊഴിലാളിക്ക് വെറും 17 രൂപയാണ് യാത്രാബത്ത. ശീതീകരിച്ച ഓഫിസ് മുറികളില്‍ ഇരിക്കുന്ന മാനേജര്‍മാര്‍ക്ക് 2000 രൂപയും.
കമ്പനി ഉല്‍പാദിപ്പിക്കുന്ന ഒരു കിലോ ഗ്രീന്‍ ടീക്ക് 800 രൂപയും സാധാരണ തേയിലക്ക് 190 രൂപയുമാണ് വില. മറ്റ് ഫ്ളേവറുകളിലെ ചായക്ക് വില കമ്പനി നിശ്ചയിക്കുംപോലെയാണ്. കമ്പനി സൗജന്യമായി ജീവനക്കാര്‍ക്ക് 15 കിലോ തേയില നല്‍കും. മാനേജര്‍ക്ക് 24 കിലോയും. അതേസമയം, തൊഴിലാളിക്ക് ‘സൗജന്യ’ നിരക്കെന്ന് പറഞ്ഞ് 100 രൂപ ഈടാക്കിയാണ് അവര്‍തന്നെ ഉല്‍പാദിപ്പിക്കുന്ന തേയില നല്‍കുന്നത്. തൊഴിലാളിയുടെ ഒരുദിവസത്തെ ശമ്പളം ഡി.എ അടക്കം കേവലം 220 രൂപയാണ്. കമ്പനി നഷ്ടത്തിലെന്ന് പറയുന്ന എം.ഡിയുടെ ശമ്പളം പ്രതിദിനം 35,000 രൂപ വരും. പുറമേ ഒരു ലക്ഷം വരെ ശമ്പളം പറ്റുന്ന മാനേജര്‍മാര്‍ക്ക് ബട്ലറും വീട്ടുകാരെ സഹായിക്കാന്‍ ഓര്‍ഡര്‍ലിമാരും ഉണ്ട്.
നാലും അഞ്ചും തലമുറകളായി മൂന്നാറില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന തമിഴ്വംശജരായ തോട്ടംതൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണ്. പിരിയാന്‍ നേരം ഇവര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റ്വിറ്റി അടക്കമുള്ള തുക തുടര്‍ന്നുള്ള മാസങ്ങളിലെ ജീവിതച്ചെലവിന് തികയില്ല. എല്ലാം വിധിയെന്നു കരുതി ആശ്വസിച്ചവരായിരുന്നു കങ്കാണിമാരുടെ ചാട്ടവാറടിയേറ്റ പഴയകാല തോട്ടംതൊഴിലാളികള്‍.
കാലംമാറിയപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെയും മാനേജ്മെന്‍റുകളുടെയും കാപട്യം തിരിച്ചറിഞ്ഞ പില്‍ക്കാല തലമുറ സഹികെട്ട് സമരമുഖത്തേക്ക് എടുത്തുചാടേണ്ടിവന്നു. പ്രതിഷേധത്തിന്‍െറ കുത്തൊഴുക്കില്‍ രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ക്കും അടിതെറ്റിയ കാഴ്ചയാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.