സമര ചരിത്രത്തില്‍ പുത്തനേടുമായി മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍

തൊടുപുഴ: രാഷ്ട്രീയ പാര്‍ട്ടികളേയും തൊഴിലാളി യൂണിയനുകളേയും ഒറ്റപ്പെടുത്തി മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം കേരളത്തിലെ തൊഴിലാളി ചരിത്രത്തില്‍ പുത്തന്‍ ഏട് രചിക്കുന്നു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ തലമുറകളായി തോട്ടം തൊഴിലിലേര്‍പ്പെട്ട് വരികയാണ്. ലയങ്ങളില്‍ താമസിക്കുന്ന അവരെ അടിമകളെ പോലെ കരുതി പോന്ന മാനേജ്മെന്‍റ് സമീപനത്തെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ ഏഴ് ദിവസമായി തുടരുന്ന സമാനതകളില്ലാത്ത സമരരീതിക്ക് കഴിഞ്ഞു. ആദ്യ ദിവസം തന്നെ മുഖ്യമായ തൊഴിലാളി യൂണിയനുകളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുക വഴി തൊഴിലാളികള്‍ തങ്ങളുടെ നിലപാട് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയായിരുന്നു. നിരക്ഷരായി കണക്കാക്കി പോന്ന സ്ത്രീ തൊഴിലാളികള്‍ സമരത്തില്‍ സധൈര്യം പങ്കെടുത്ത് കാലങ്ങളായി തങ്ങള്‍ അനുഭവിച്ച് പോരുന്ന അടിച്ചമര്‍ത്തലിനെതിരെ തുറന്നടിച്ചത് മറ്റൊരു ചരിത്രപരമായ നീക്കമായി.

തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പതിവ് സമര പരിപാടികളില്‍ ആളെ കൂട്ടാനായി നേതാക്കള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പൊടുന്നനെ പതിനായിരത്തോളം വരുന്ന സ്ത്രീകള്‍ സംഘടിച്ച് കഴിഞ്ഞ 120ലേറെ മണിക്കൂറുകള്‍ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയത്.



തൊഴിലാളിയൂണിയന്‍ നേതാക്കളെ മറ്റൊരു മാര്‍ഗവുമില്ലാതെ ഇക്കാലമത്രയും സഹിക്കുകയായിരുന്നുവെന്നും ഇനിയങ്ങോട്ട് തങ്ങളെ അതിന് കിട്ടില്ളെന്നുമുള്ള സമരക്കാരുടെ പ്രസ്താവനകളെ നേതാക്കള്‍ ഞെട്ടലോടെയാണ് കേട്ടത്. എല്ലുമുറിയെ പണിയെടുത്ത് തങ്ങള്‍ നല്‍കിയ അധ്വാനത്തിന്‍െറ ഫലം കൊയ്യുന്ന കമ്പനിയുടമകളോടൊപ്പം തടിച്ച് വീര്‍ത്തവരില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമുണ്ടെന്ന് തുറന്ന് പറയാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ഇത്തരത്തിലൊരു മുന്നേറ്റത്തെ നേതൃത്വം തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.സമരത്തിന്  നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ച് പൊലീസിനോ അന്വേഷണ ഏജന്‍സികള്‍ക്കോ ഇത് വരെ വ്യക്തമായ ധാരണയില്ല. പൊടുന്നനെ വളരെ കൃത്യമായ നീക്കങ്ങളുമായി സമരത്തിന് തൊഴിലാളികള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഇറങ്ങി പുറപ്പെട്ടതിന് പിന്നില്‍ കൃത്യമായ കണക്ക് കൂട്ടലുകള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അനുമാനം. ഇക്കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ തൊഴിലാളി യൂണിയനുകളോ അഭിപ്രായം തുറന്ന് പറയുകയുണ്ടായിട്ടില്ല.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.