കോടതികള്‍ക്ക് പ്രതികാര മനോഭാവം പാടില്ല -ഡോ. അനൂപ് സുരേന്ദ്രനാഥ്

കൊച്ചി: ദേശീയതാല്‍പര്യം ഉയര്‍ത്തുന്ന കേസുകളില്‍ നിയമപരമായ നടപടിക്രമങ്ങളേക്കാള്‍ പ്രതികാര മനോഭാവം കോടതികളെ പിടികൂടരുതെന്ന് സുപ്രീം കോടതി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അനൂപ് സുരേന്ദ്രനാഥ്. ഇത്തരം കേസുകള്‍ നിയമനടപടിക്ക് പോലും വിടാതെ വധശിക്ഷ നല്‍കണമെന്ന ജനമനോഭാവം കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. പ്രതിയുടെ അവകാശങ്ങള്‍ അന്വേഷണ, വിചാരണ വേളകളിലും വിധി പുറപ്പെടുവിച്ചശേഷം പോലും നിഷേധിക്കരുത്.
വധശിക്ഷ നിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, യാക്കൂബ് മേമനെതിരെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച് ശ്രദ്ധേയനായ അനൂപ് വ്യക്തമാക്കി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേരള ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയതാല്‍പര്യത്തിന് വിരുദ്ധമായ കുറ്റം ചെയ്തവരെന്ന് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രതികളുടെ വിചാരണ വേളയില്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കോടതികള്‍ തെറ്റായി കാണാത്ത പ്രവണതയുണ്ട്. എത്ര കടുത്ത കുറ്റവാളിയാണെങ്കിലും നിയമപരമായി പാലിക്കേണ്ട പ്രക്രിയകള്‍ അതേപടി നടപ്പാക്കിയേ പറ്റൂ. ഡത്തെ് വാറന്‍റ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിയോ അഭിഭാഷകനോ വധശിക്ഷ വിധിച്ച കോടതിയില്‍ ഹാജരായിരിക്കണമെന്ന നടപടി യാക്കൂബ് മേമന്‍െറ കാര്യത്തില്‍ ഉണ്ടായില്ല.
വധശിക്ഷക്കെതിരെ ആദ്യം നല്‍കിയ ദയാഹരജിയില്‍നിന്ന് വ്യത്യസ്തമായ ന്യായങ്ങളുണ്ടെങ്കില്‍ ദയാഹരജി രണ്ടാമതും നല്‍കാനുള്ള അവസരം പ്രതിക്ക് നല്‍കണം. ഇത്തരം കാര്യങ്ങള്‍ പൂര്‍ണ നിയമങ്ങളാണെന്ന വ്യാഖ്യാനത്തോടെ ശബ്നം കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2015 ജൂലൈയില്‍ ഉത്തരവിറക്കിയതാണ്. എന്നാല്‍, അതേ കോടതിതന്നെ പുലര്‍ച്ചെ 90 മിനിറ്റ് വാദം നടത്തി മേമന്‍െറ കാര്യത്തില്‍ അന്തിമ തീര്‍പ്പ് പ്രഖ്യാപിച്ചു. ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള ഇത്തരം കാര്യങ്ങള്‍ കുറേക്കൂടി സമയമെടുത്ത് ഫുള്‍ബെഞ്ച് കൈകാര്യം ചെയ്ത് തീര്‍പ്പാക്കേണ്ടതായിരുന്നു.
വധശിക്ഷ വിധിക്കപ്പെടുന്നയാള്‍ തനിക്ക് മുന്നില്‍ മരണമാണോ ജീവിതമാണോ അവശേഷിക്കുന്നതെന്ന് പോലുമറിയാതെ പത്തും ഇരുപതും കൊല്ലമാണ് ജയിലുകളില്‍ കഴിയുന്നത്. ഇത് ആ വ്യക്തിയോട് ചെയ്യുന്ന ക്രൂരതയാണ്. ക്രിമിനല്‍ നീതി സംവിധാനം കുറേക്കൂടി വേഗത്തിലും കാര്യക്ഷമതയിലും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. യാക്കൂബ് മേമന്‍ കീഴടങ്ങിയത് മുതല്‍ 20 വര്‍ഷത്തോളം അദ്ദേഹത്തിന് മുന്നില്‍ നിയമനടപടികള്‍ മരവിച്ചു കിടന്നു. പിന്നീടാകട്ടെ, നടപടിക്രമങ്ങള്‍ പോലും മാറ്റിവെച്ച് കുറ്റവാളിക്കുള്ള അവകാശങ്ങള്‍ പോലും നല്‍കാതെ ധിറുതി പിടിച്ച് വധശിക്ഷ നടപ്പാക്കുകയും ചെയ്തെന്നും അനൂപ് ചൂണ്ടിക്കാട്ടി.
വധശിക്ഷ ശരിവെക്കുന്നത് ബന്ധപ്പെട്ട ബെഞ്ചിന്‍െറ ഏകകണ്ഠമായ നിലപാടിലൂടെയായിരിക്കണം. മൂന്നില്‍ രണ്ടും നാലില്‍ മൂന്നും ഭൂരിപക്ഷാഭിപ്രായമുണ്ടെന്ന പേരില്‍ വധശിക്ഷ വിധിക്കാനാവില്ല. ഭൂരിപക്ഷ അഭിപ്രായത്തിന്‍െറ പേരില്‍ നടപ്പാക്കാവുന്ന ഒന്നല്ല വധശിക്ഷ. കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 1700 പേരെയാണ് കീഴ്കോടതികള്‍ വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍, ഇതില്‍ 65 ശതമാനം പേരുടെ വധശിക്ഷയും ഹൈകോടതി റദ്ദാക്കി. ഇതില്‍ 30 പേരെയും കേസില്‍ നിന്നുതന്നെ കുറ്റവിമുക്തനാക്കിയെന്നതാണ് ഏറെ ശ്രദ്ധേയം.
എല്ലാത്തിനുമുപരി വധശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ വെറും നാലരശതമാനം വിധികള്‍ മാത്രമാണ് സുപ്രീം കോടതി ശരിവെച്ചത്. 95 ശതമാനം വധശിക്ഷകളും ഇളവ് ചെയ്യപ്പെടുകയോ വെറുതെ വിടുകയോ ചെയ്തതില്‍നിന്ന് കീഴ്കോടതികളുടെ വധശിക്ഷാ വിധികള്‍ അനാവശ്യമായിരുന്നുവെന്ന് വ്യക്തമാണ്. നിയമസംവിധാനം പൂര്‍ണമായും പഴുതില്ലാത്തതല്ലയെന്ന് പ്രകടമാക്കുന്നതാണ് ഈ കണക്ക്. അതിനാല്‍, വധശിക്ഷകള്‍ വിധിക്കുന്നതില്‍ കോടതികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.ഡി. വിന്‍സെന്‍റ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.