കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ നീളംകൂട്ടാതെ വലിയ വിമാനങ്ങളിറങ്ങില്ല

കോഴിക്കോട്: റണ്‍വേയുടെ നീളം കൂട്ടാനുള്ള നടപടിയില്ലാത്തതും ഹജ്ജ് ക്യാമ്പുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നതും കോഴിക്കോട് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍െറ നിലനില്‍പിന് ഭീഷണി. നിലവില്‍ റണ്‍വേയുടെ റീകാര്‍പെറ്റിങ് ജോലികള്‍ പൂര്‍ത്തിയായാലും റണ്‍വേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തില്ല. നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ക്യാമ്പ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും കരിപ്പൂരിന്‍െറ വികസന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. കരിപ്പൂര്‍ വിമാനത്താവളം ചെറുവിമാനങ്ങളിറക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മിച്ചതെന്നും ഹജ്ജ് സര്‍വിസുകള്‍ പരിഗണിച്ചാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ദക്ഷിണമേഖലാ അധികൃതര്‍ അറിയിച്ചതായി മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ്  സി.ഇ. ചാക്കുണ്ണി പറഞ്ഞു. ടേബ്ള്‍ ടോപ് വിഭാഗത്തിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേയുടെ വികസനം സാധ്യമാകാതെ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റണ്‍വേ റീകാര്‍പെറ്റിങ് ജോലികള്‍ക്കായി കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് കഴിഞ്ഞ മേയ് ഒന്നുമുതലാണ് നിര്‍ത്തിവെച്ചത്. ഈ മാസം ഒന്നുമുതല്‍ മുംബൈ, ഡല്‍ഹി, കോയമ്പത്തൂര്‍ സര്‍വിസുകളും നിര്‍ത്തി. റണ്‍വേയുടെ നില മോശമായതിനെതുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ആഭ്യന്തര സര്‍വിസുകള്‍ക്കായാണ് കരിപ്പൂര്‍ വിമാനത്താവളം നിര്‍മിച്ചതെങ്കിലും ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഹജ്ജ് സര്‍വിസുകള്‍ പിന്നീട് എയര്‍ഇന്ത്യയും സൗദി എയര്‍ലൈന്‍സും എമിറേറ്റ്സും സാധാരണ സര്‍വിസാക്കി മാറ്റുകയായിരുന്നു. നവീകരണപ്രവൃത്തിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ റദ്ദാക്കിയതും സുരക്ഷാ പ്രശ്നവും  ഹജ്ജ് ക്യാമ്പുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നതും  വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ എന്നെന്നേക്കുമായി കരിപ്പൂരിന് നഷ്ടമാകാനുള്ള സാധ്യതക്ക് ആക്കംകൂട്ടുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കോഴിക്കോടിനെ ഗുരുതരനിലയിലുള്ള വിമാനത്താവളം (ക്രിട്ടിക്കല്‍ എയര്‍പോര്‍ട്ട്) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന 2850 മീറ്റര്‍ നീളത്തിലുള്ള ടേബ്ള്‍ ടോപ് റണ്‍വേയാണ് കരിപ്പൂരിലേത്. ഇതിന്‍െറ നീളംകൂട്ടാതെ വലിയ വിമാനങ്ങള്‍ പൂര്‍ണതോതില്‍ ഇവിടെനിന്ന് സര്‍വിസ് നടത്താനാകില്ളെന്നാണ് അധികൃതരുടെ നിലപാട്. 15 വര്‍ഷമായി കരിപ്പൂരിലാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവെച്ചതോടെയാണ് ഇത്തവണ ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ക്യാമ്പ് തുടങ്ങിയാല്‍ കരിപ്പൂരില്‍ ഹജ്ജിന്‍െറ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള ആനുകൂല്യം നഷ്ടമാകും. കരിപ്പൂര്‍ വിമാനത്താവളവികസനത്തിന് വേണ്ട 248.30 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിപോലും തുടങ്ങാത്തത് റണ്‍വേ നവീകരണം അനന്തമായി നീളുന്നതിന് കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.