നെന്മാറ: മരിച്ച അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്ന് രണ്ട് ദിവസത്തോളം ജീവനോട് മല്ലടിച്ച പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാട് മുഴുവന്‍ കണ്ണീര്‍ വാര്‍ത്ത് അമ്മക്ക് വിടചൊല്ലി മണിക്കൂറുകള്‍ക്കകമാണ് കുഞ്ഞിന്‍െറയും മടക്കം.
ഭര്‍ത്താവിനോടും മകളോടുമൊപ്പം സഞ്ചരിക്കവെ, ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ച എട്ടുമാസം ഗര്‍ഭിണിയായ ജിഷയുടെ വയറ്റില്‍നിന്ന് ജീവനോടെ പുറത്തെടുത്ത കുഞ്ഞാണ് പാലക്കാട് പാലന ആശുപത്രിയില്‍ ഞായറാഴ്ച അന്ത്യശ്വാസം വലിച്ചത്.
നെന്മാറ പയ്യാങ്കോട് ബിനു മാത്യുവിന്‍െറ ഭാര്യയാണ് ജിഷ. വിധിയോട് പൊരുത്തപ്പെടാന്‍ കഴിയാതെ വിതുമ്പിയ ബിനുവിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.
അമ്മക്ക് എന്താണ് സംഭവിച്ചതെന്നറിയാത്ത, മകള്‍ ആറ് വയസ്സുകാരി നവീന നോവുന്ന കാഴ്ചയായി. ശനിയാഴ്ച രാവിലെ പയ്യാങ്കോടില്‍നിന്ന് നെന്മാറയിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് കോതകുളത്തിനടുത്ത് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ബോധക്ഷയമുണ്ടായതിനെതുടര്‍ന്ന് ജിഷയെ ഉടന്‍ ആലത്തൂര്‍ ക്രസന്‍റ് ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. വയറ്റിലെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിനെ പാലക്കാട് പാലന ആശുപത്രിയിലേക്ക് മാറ്റി.
ശ്വാസോച്ഛാസഗതിയില്‍ മന്ദത തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ കുഞ്ഞിനെ രക്ഷിക്കാന്‍ രണ്ട് ദിവസത്തോളമായി തീവ്രശ്രമത്തിലായിരുന്നു. വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ കുഞ്ഞിന്‍െറ ശ്വാസം നിലച്ചത് ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ്.
ശനിയാഴ്ച വൈകീട്ടോടെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യാങ്കോട്ടെ ബിനുവിന്‍െറ വീട്ടിലത്തെിച്ച ജിഷയുടെ മൃതശരീരം ഒരുനോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് എത്തിയത്. ഞായറാഴ്ച രാവിലെ 11ഓടെ കയറാടി മാങ്കുറിശ്ശി സെന്‍റ് പീറ്റേഴ്സ് പള്ളിയിലത്തെിച്ച മൃതദേഹം അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം സംസ്കരിച്ചു. കുഞ്ഞിന്‍െറ മൃതശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വര്‍ഗീസാണ് ജിഷയുടെ പിതാവ്. മാതാവ്: ലില്ലി. മകള്‍ നവീന ഒലിപ്പാറ സെന്‍റ് തോമസ് സ്കൂള്‍ ഒന്നാംക്ളാസ് വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.