പി.എസ്.സി സെക്രട്ടറി ജാതി തിരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം

തൊടുപുഴ: പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത സെക്ഷന്‍ ഓഫിസര്‍ തസ്തികയില്‍ ജോലി നേടിയതായി പി.എസ്.സിയുടെ വിജിലന്‍സ് ഓഫിസര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ട്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചതെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് 2013 ഒക്ടോബര്‍ ഏഴിന് നിര്‍ദേശം നല്‍കിയത്. പി.എസ്.സിയുടെ വിജിലന്‍സ് ഓഫിസറായ വി.എസ്. സാബുവിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലാണ് സാജു ജോര്‍ജിനെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്തത്. തുടര്‍നടപടിക്കായി റിപ്പോര്‍ട്ട് ഗവര്‍ണര്‍ മുഖേന സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചുവെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല.
സാജു ജോര്‍ജിന്‍െറ എസ്.എസ്.എല്‍.സി ബുക്കില്‍ ‘സി.എസ്.ഐ ക്രിസ്ത്യന്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, 1996 സെപ്റ്റംബര്‍ 16ന് തിരുവനന്തപുരം നെടുമങ്ങാട് തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം ജാതി മലയരയന്‍ ആണ്. സാജു ജോര്‍ജിന്‍െറ അമ്മാവനാണ് തഹസില്‍ദാര്‍ എന്നും ഇദ്ദേഹത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനാധികാരികളെ തെറ്റിദ്ധരിപ്പിച്ചതിനും മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും കമീഷന്‍െറ അന്വേഷണവുമായി നിസ്സഹകരിച്ചതിനും സാജു ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ എന്‍.എം. എബ്രഹാമിനെതിരെയും നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.