മദ്യത്തിന്‍െറയും പുകയിലയുടെയും പരസ്യത്തെ പ്രോത്സാഹിപ്പിക്കില്ല -സചിന്‍

കൊച്ചി: മദ്യത്തിന്‍െറയും പുകയിലയുടെയും  പരസ്യത്തില്‍ സഹകരിക്കില്ളെന്ന് ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍. ഇത്തരം ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും സഹകരിക്കില്ല. ഇത് പിതാവ് നല്‍കിയ ഉപദേശമാണ്.  പരസ്യ- വിപണന  സ്ഥാപനങ്ങളുടെ ദേശീയ സംഘടനയായ ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍െറ (ഐ.എ.എ) സില്‍വര്‍ ജൂബിലി സംഗമത്തില്‍ സമാപന ദിവസമായ ശനിയാഴ്ച മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാല്‍നൂറ്റാണ്ടായി വിവിധ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ ടെണ്ടുല്‍കര്‍, ബ്രാന്‍ഡ് പ്രതീകമെന്ന നിലക്കുള്ള തന്‍െറ അനുഭവങ്ങളും പങ്കുവെച്ചു.
 താനെന്നല്ല, ഒരു കളിക്കാരനും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. അതേസമയം, ക്രിക്കറ്റിനെ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചിരുന്നില്ല. അങ്ങനെ സ്വാഭാവികമായി ക്രിക്കറ്റ് എന്നില്‍ വളര്‍ന്നു. ശരിയായ ആള്‍ക്കാരെ ശരിയായ സമയത്ത് കണ്ടുമുട്ടാനായി എന്നതാണ് ക്രിക്കറ്റില്‍ വിജയത്തിലേക്ക് നയിച്ചത്. കരിയറിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയതും അവരാണ്. വിജയത്തിലേക്ക് ഒരിക്കലും കുറുക്കുവഴികളില്ല. കഠിനമായി പ്രയത്നിക്കുക എന്നതാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശരിയായ മാര്‍ഗം. ഒരിക്കലും കുറുക്കുവഴി തേടിപ്പോകരുത്.
കഠിനമായ പരിശീലനംവഴി മാനസികമായും ശക്തി നേടിയതാണ്  വിജയത്തിന് കാരണം. എപ്പോഴും, അവസാനം കളിച്ച മത്സരത്തെക്കുറിച്ചായിരിക്കും ലോകം ചര്‍ച്ച ചെയ്യുക. നല്ളൊരു കളിക്കാരന്‍  അപ്പോഴും ചിന്തിക്കുക അടുത്ത മത്സരത്തെ കുറിച്ചായിരിക്കും. ഒരു ജോലിയായാലും ഏറ്റെടുത്ത ദൗത്യമായാലും അതിനെ സ്നേഹിക്കുകയാണ് വേണ്ടതെന്നും സചിന്‍ പറഞ്ഞു.
ഐ.എ.എയുടെ ത്രിദിന ജൂബിലി സംഗമം ശനിയാഴ്ച സമാപിച്ചു. സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ശനിയാഴ്ച സദ്ഗുരു ജഗ്ഗി വാസുദേവ് , ടൈംസ് നൗ എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി, ഐ.ടി.സി ഇന്‍ഫോടെക് എം.ഡി സഞ്ജീവ് പുരി, ട്വിറ്റര്‍ ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് വി.പി. ഷൈലേഷ് റാവു, യൂനിലിവര്‍ മീഡിയാ തലവന്‍ രാഹുല്‍ വെല്‍ദേ, സെക്വോയിയ ക്യാപ്പിറ്റല്‍ എം.ഡി അഭയ് പാണ്ഡേ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മൂന്നുദിവസത്തെ സംഗമത്തില്‍, പരസ്യ-വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.