പണിമുടക്ക് കേരളത്തില്‍ പൂര്‍ണം

തിരുവനന്തപുരം: രാജ്യത്തെ 10 തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. ഹര്‍ത്താലിന്‍്റെ പ്രതീതിയാണ് കേരളത്തിലെങ്ങും. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റെയില്‍വെസ്റ്റേഷനില്‍ എത്തിയ യാത്രാക്കാര്‍ ഗതാഗത മാര്‍ഗങ്ങളില്ലാതെ വിഷമിക്കുകയാണ്. ഇവരെ വീട്ടിലത്തെിക്കാനായി പല സ്ഥലങ്ങളിലും പൊലീസ് സമാന്തര യാത്രാസംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.



പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. കൊല്‍ക്കത്തയില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. എങ്കിലും പൊതുഗതാഗതം തടസപ്പെട്ടിട്ടില്ല. മുംബൈ, ചെന്നൈ നഗരങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. സ്കൂളുകളും കോളജുകളും മറ്റു സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബംഗളൂരുവില്‍ പൊതുഗതാഗതം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.



കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ നീണ്ടുനില്‍ക്കും. അവശ്യ സര്‍വിസുകളായ ആശുപത്രി, പത്രം-പാല്‍ വിതരണം തുടങ്ങിയവയെയും സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡൈസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അടുത്ത ബന്ധുക്കളുടെ മരണം, പരീക്ഷ, ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ എന്നിവക്കൊഴികെ ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ടതില്ളെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അവധിയില്‍ പോയവരുടെ കണക്ക് നല്‍കാനും വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാകുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കലക്ടര്‍മാരോടും വകുപ്പ് തലവന്മാരോടും നിര്‍ദേശിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. വിവിധ സര്‍വകലാശാലകളും മറ്റും പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.
കേരളത്തില്‍ ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. റെയില്‍വേയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ഗതാഗതം, വ്യവസായം, ഖനി തുടങ്ങിയ മേഖലകളിലും അസംഘടിത മേഖലയിലുമായി രാജ്യത്തെ 15 കോടി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.



തൊഴിലുടമക്ക് അനുകൂലമായ തൊഴില്‍ നിയമ പരിഷ്കരണ നീക്കം അവസാനിപ്പിക്കുക, കുറഞ്ഞകൂലി പ്രതിമാസം 15,000 രൂപയാക്കി നിജപ്പെടുത്തുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും 3000 രൂപയില്‍ കുറയാത്ത ബോണസ് ഉറപ്പാക്കുക, ദീര്‍ഘകാലത്തേക്ക് കരാര്‍ നിയമനം അവസാനിപ്പിക്കുകയും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്കുള്ള വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കുക, വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ കണിശമായി നടപ്പാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നയം അവസാനിപ്പിക്കുക, റെയില്‍വേ, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം നിര്‍ത്തലാക്കുക എന്നിവയാണ് യൂനിയനുകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.
 ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.സി,  ടി.യു.സി.സി, എസ്. ഇ.ഡബ്ള്യു, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നീ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.