പോള്‍ മുത്തൂറ്റ് വധം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം; നാലുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്

തിരുവനന്തപുരം: യുവ വ്യവസായി മുത്തൂറ്റ് പോള്‍ ജോര്‍ജ് (പോള്‍ എം. ജോര്‍ജ്) വധക്കേസില്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. പോള്‍ വധക്കേസിലെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് പത്ത് മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. 14ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ ജയചന്ദ്രന്‍, കാരി സതീഷ്, സത്താര്‍, സുല്‍ഫിക്കര്‍, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോപോള്‍, ആകാശ് ശശിധരന്‍, ഫൈസല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ആദ്യ പ്രതിയായ ജയചന്ദ്രന് 50,000 രൂപ പിഴയും, രണ്ടു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് 55,000 രൂപ പിഴയും കോടതി ചുമത്തി.



കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അബി, റിയാസ്, സിദ്ധീഖ്, ഇസ്മായില്‍ എന്നിവര്‍ക്കാണ് മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. ഇവര്‍ക്ക് 5,000 രൂപ പിഴയും വിധിച്ചു.

മണ്ണഞ്ചേരി നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന രണ്ടാമത്തെ കേസിലെ 14 പ്രതികള്‍ക്കും മൂന്നു വര്‍ഷം തടവ് കോടതി ശിക്ഷ വിധിച്ചു. നസീറിനെതിരെ ലഭിച്ച ക്വട്ടേഷന്‍ നടപ്പാക്കാനായിരുന്നു സംഘം ആലപ്പുഴയിലേക്ക് പോയത്. പോകുന്നതിനിടെയുണ്ടായ തര്‍ക്കമാണ് പോളിന്‍െറ വധത്തില്‍ കലാശിച്ചത്. രണ്ട് കേസുകളും വെവ്വേറെ അന്വേഷിച്ച് രണ്ട് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോടതി ഇവ ഒറ്റ കേസായി വിചാരണ നടത്തുകയായിരുന്നു.

കൊലപാതകം, സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരായി തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. കാരി സതീഷ്, ജയചന്ദ്രന്‍ എന്നിവര്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും മറ്റു നാലു പ്രതികള്‍ തെളിവ് നശിപ്പിച്ചു എന്നും കോടതി വിധിച്ചു. ജഡ്ജി ആര്‍. രഘുവാണ് വിധി പ്രസ്താവിച്ചത്.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം വീട്ടില്‍ അച്ഛനമ്മമാര്‍ തനിച്ചായതിനാല്‍ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. അര്‍ബുദ രോഗിയായ അമ്മയടങ്ങുന്ന കുടുംബത്തിന്‍്റെ ആശ്രയം താനാണെന്ന് രണ്ടാം പ്രതി കാരി സതീഷ് കോടതിയെ അറിയിച്ചു.

കൊലപാതകം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2009 ആഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്‍്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് നെടുമുടിക്ക് സമീപം പോങ്ങയില്‍ വച്ച് കൊല്ലപ്പെട്ടത്. നസീര്‍ എന്നയാളെ അക്രമിക്കാന്‍ ഗുണ്ടാനേതാവ് കാരി സതീശും സംഘവും ക്വട്ടേഷന്‍ എടുത്ത ശേഷം ചങ്ങനാശ്ശേരിയില്‍ നിന്ന് മണ്ണഞ്ചേരിയിലേക്ക് പോകും വഴി പോള്‍ ജോര്‍ജിന്‍്റെ കാറ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റെങ്കിലും പോള്‍ വണ്ടി നിര്‍ത്തിയില്ല.

ഇതില്‍ പ്രകോപിതരായ കാരി സതീശും സംഘവും വാഹനം പിന്തുടര്‍ന്ന് പോളിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ കാരി സതീശ് കത്തിയെടുത്ത് പോളിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ജോര്‍ജിനൊപ്പമുണ്ടായിരുന്നു. പോളും കൂട്ടുകാരും മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്കു പോവുകയായിരുന്നു. കേസില്‍ ഓംപ്രകാശിനെയും രാജേഷിനെയും സി.ബി.ഐ മാപ്പുസാക്ഷിയാക്കുകയായിരുന്നു.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. രാജേഷും ഓംപ്രകാശും സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെട്ടതും സംശയത്തിനിടയാക്കി. എന്നാല്‍ പോളുമായി നല്ല ബന്ധമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

ആദ്യം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പോളിന്‍െറ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 2012 മാര്‍ച്ച് 19 ന് ആരംഭിച്ച വിചാരണയില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഏഴ് പേരെയാണ് കേസില്‍ സി.ബി.ഐ മാപ്പ് സാക്ഷിയാക്കിയത്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.