കൊച്ചി: ആര്‍.എസ്.എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിക്കാത്തത് ചോദ്യംചെയ്ത് 17ാം പ്രതി നിജിത് എന്ന നീത്, 19ാം പ്രതി ജഗ റഹീം എന്ന പി.പി. റഹീം എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജികളാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
മതിയായ തെളിവുകളോ സാഹചര്യങ്ങളോ ഇല്ലാതെയാണ് യു.എ.പി.എ നിയമം ചുമത്തിയതെന്നും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. യു.എ.പി.എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി തലശ്ശേരി സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ദീര്‍ഘകാലം തടവില്‍ കഴിഞ്ഞത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമവും കൊലപാതകവും നടത്തിയ രീതി സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്‍െറ സ്വഭാവവും ആഴവും യു.എ.പി.എ നിയമത്തിലെ വകുപ്പുകളും പരിഗണിച്ചാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന കാരണത്താല്‍ ജാമ്യം അനുവദിക്കാനാകില്ളെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.