പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറില്‍നിന്ന് മന്ത്രിപദത്തിലേക്ക്

മഞ്ചേരി: എം.പിയും എം.എല്‍.എയും മന്ത്രിയുമായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച ടി.കെ. ഹംസക്ക് അരനൂറ്റാണ്ട് മുമ്പത്തെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഓരോ പഞ്ചായത്ത് തെരഞ്ഞെടുപ്പും. 1960 മുതല്‍ ’65 വരെയാണ് ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ കുപ്പായമിട്ട് ഹംസാക്ക പ്രവര്‍ത്തിച്ചത്. അധികാര വികേന്ദ്രീകരണവും ഇന്നത്തെപ്പോലെ വ്യവസ്ഥാപിത പദ്ധതി നിര്‍വഹണവും ഭരണപ്രതിപക്ഷങ്ങളുമില്ലാത്ത കാലം. പഞ്ചായത്തുകള്‍ക്ക് തൊഴില്‍ നികുതിയും വീട്ടുനികുതിയും ചായപ്പീടിക കച്ചവട ലൈസന്‍സ് ഫീസും മാത്രമാണ് വരുമാനം. വര്‍ഷത്തില്‍ എസ്റ്റാബ്ളിഷ്മെന്‍റ് ഗ്രാന്‍െറന്ന രീതിയില്‍ ഫണ്ട് ലഭിച്ചെങ്കിലായി. ഇടവഴി ചത്തെിക്കോരലും മറ്റുമാണ് ആകെ നടക്കുന്ന പ്രവൃത്തി. റോഡുവക്കില്‍, മണ്ണെണ്ണയൊഴിച്ച തെരുവുവിളക്കുണ്ടാവും. പേപിടിച്ച നായ്ക്കളെ കൊല്ലിക്കുന്നതും പഞ്ചായത്തിന്‍െറ പണിയാണ്. പാലക്കാട്ടുനിന്നാണ് ഇതിന് ആളത്തൊറ്. ’62 വരെയും തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ രീതി കൈപൊക്കലായിരുന്നു.

1954ലെ നാഷനല്‍ എക്സ്റ്റന്‍ഷന്‍ ബ്ളോക്കുകളാണ് ഇന്നത്തെ ബ്ളോക് പഞ്ചായത്തുകള്‍. ബ്ളോക് ഓഫിസറായിരുന്നു അധികാരി. ബ്ളോക്കുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സമിതിയുമുണ്ടായിരുന്നു. കൊണ്ടോട്ടിയില്‍ ഭാര്യാപിതാവ് ഇണ്ണിമാന്‍ തങ്ങള്‍ നാട്ടില്‍ അറിയപ്പെടുന്നയാളും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. 54ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പാണ് ഓര്‍മയിലിപ്പോഴും. മലപ്പുറവും കോഴിക്കോടും വയനാടുമടക്കം ഉള്‍പ്പെടുന്ന മലബാര്‍ ജില്ലയില്‍ ടി.പി. ഭാസ്കരപ്പണിക്കരാണ് ചെയര്‍മാനായത്. 1960ല്‍ കേരള പഞ്ചായത്ത് ആക്ട് വന്ന ശേഷമാണ് എല്ലായിടത്തും പഞ്ചായത്തുണ്ടായത്. അതിനുമുമ്പ് മഞ്ചേരി, നിലമ്പൂര്‍ പോലുള്ള പ്രദേശങ്ങള്‍ മാത്രമാണ് പഞ്ചായത്ത്. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറായി ആദ്യം ജോലിയില്‍ കയറുന്നത് 1960ല്‍ കണ്ണൂര്‍ ജില്ലയിലെ ഇന്നത്തെ പിണറായി ഉള്‍പ്പെടുന്ന പ്രദേശത്താണ്. മൂന്നുമാസത്തിന് ശേഷം നാട്ടില്‍ പോരൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. ബോര്‍ഡ് യോഗത്തില്‍ അജണ്ട വായിക്കുന്നതും തീരുമാനങ്ങള്‍ എഴുതിവെക്കുന്നതും ഓഫിസറാണ്. മന്ത്രിസഭയിലെ ചീഫ് സെക്രട്ടറിയുടെ പണികള്‍. മന്ത്രിയായശേഷം ഇവ ഏറെ ഉപകാരപ്പെട്ടതായും ടി.കെ. ഹംസ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്തും താളമൊപ്പിച്ച പാട്ടുപാടി ജാഥയുമായിരുന്നു രീതി. സഖാവ് കുഞ്ഞാലിയും പാലാട്ട് കുഞ്ഞിക്കോയയും പി.ടി. വീരാന്‍കുട്ടി മൗലവിയും പങ്കെടുത്ത 50കളിലെ തെരഞ്ഞെടുപ്പും പ്രചാരണവും ഇപ്പോഴും ഓര്‍മയിലുണ്ട്. തിരുവിതാംകൂറില്‍ മിക്കയിടത്തും പഞ്ചായത്ത് സംവിധാനമായിട്ടും 60ന് ശേഷമാണ് മലബാറില്‍ പഞ്ചായത്തുകളുണ്ടാവുന്നത്. ’62ല്‍ പഞ്ചായത്ത് ആക്ട് വന്നശേഷം ’63ലാണ് മലബാറില്‍ പഞ്ചായത്തുകളില്‍ ഭരണസമിതികള്‍ വന്നത്. തിരുവിതാംകൂറില്‍ പഞ്ചായത്ത് ഓഫിസറും മലബാറില്‍ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുമായിരുന്നു. ’80ലാണ് ആദ്യമായി മത്സരിച്ചത്. പഞ്ചായത്ത് ആക്ടിന് 53 വര്‍ഷം പിന്നിട്ട് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ മലപ്പുറം ജില്ലയിലെ പ്രചാരണത്തിന്‍െറ ചുക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ടി.കെ. ഹംസയുടെ കൈകളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.