വാട്സ്ആപ്പില്‍ വോട്ടുപിടിത്തം; പൊലീസുകാരന് സസ്പെന്‍ഷന്‍

മാനന്തവാടി: ഒൗദ്യോഗിക നമ്പറില്‍ സാമൂഹിക മാധ്യമം വഴി വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സണ്ണി ജോസിനെയാണ് പ്രാഥമികാന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍ സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഷെരീഫിനെ ചുമതലപ്പെടുത്തി.
9497935219 എന്ന നമ്പറില്‍ ‘സഹപ്രവര്‍ത്തകര്‍’ എന്ന ഗ്രൂപ്പില്‍ ‘ഇടതുപക്ഷത്തിനൊരു വോട്ട്, ഞങ്ങള്‍ക്ക് ജയിക്കാനല്ല, നിങ്ങള്‍ തോല്‍ക്കാതിരിക്കാന്‍, നാട് ഏതായാലും വാര്‍ഡ് ഏതായാലും വര്‍ഗീയതക്കെതിരെ ഒരു വോട്ട്, ഇടതുപക്ഷം ഹൃദയപൂര്‍വം, ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കുക’ തുടങ്ങിയ വാചകങ്ങള്‍ക്കൊപ്പം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവം ഒക്ടോബര്‍ 16ന് ശ്രദ്ധയില്‍പ്പെട്ടിട്ടും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമംനടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ ഗ്രൂപ്പില്‍പ്പെട്ട പല പൊലീസുകാരെക്കൊണ്ടും പോസ്റ്റ് നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസുകാരന്‍ ഇത്തരത്തില്‍ വോട്ട് പിടിക്കുന്നത് സര്‍വിസ് ചട്ടപ്രകാരം ഗുരുതര കുറ്റമാണ്. പിരിച്ചുവിടുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ എടുക്കാവുന്ന കുറ്റമാണിതെന്ന് പൊലീസിലെ ഉന്നതര്‍ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.