ഉള്‍ക്കാഴ്ച കരുത്താക്കി അപൂര്‍വ സ്ഥാനാര്‍ഥി

കൊടകര : ‘ജനസേവനത്തിന് കാഴ്ചയെന്തിനാണ്, ഉള്‍ക്കാഴ്ചയല്ളേ വേണ്ടത്, കറപുരളാത്ത മനസ്സും’ -കൊടകര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ജനങ്ങളോട് വിനോദ് കുന്നമ്പിള്ളി പറയുമ്പോള്‍ നാമൊന്ന് അടുത്തുകൂടും, വാക്കുകളിലെ ആര്‍ജവത്വം കണ്ടിട്ട്.  ജന്മനാ കാഴ്ചയില്ലാത്ത  42 കാരനായ വിനോദ്  ഇവിടുത്തെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്.ഒരുപക്ഷേ സംസ്ഥാനത്തുതന്നെയുള്ള ഏക അന്ധ സ്ഥാനാര്‍ഥി.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ വിനോദ് രണ്ട് പതിറ്റാണ്ടിലേറെ കൊടകരയിലെ സി.പി.എം അംഗമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സി.പി.എം നിലപാടുകളോട് വിയോജിപ്പ് വന്നതോടെ  നാലുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നകന്നു. ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയില്‍. ഒമ്പത് വര്‍ഷമായി കൊടകരയിലെ പ്രോവിഡന്‍റ്സ് പാരലല്‍ കോളജില്‍ മലയാളം അധ്യാപകനാണ് വിനോദ്.    കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിനോദ് 97ല്‍ കോളജ് തെരഞ്ഞെടുപ്പില്‍ യു.യു.സി യായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാ പ്രകടനങ്ങളിലൂടെ നേടിയ വിജയങ്ങളും  സ്കൂള്‍ തലം മുതല്‍ വിനോദിനെ പ്രിയങ്കരനാക്കുന്നു.

ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന യുവജനോത്സവത്തില്‍ മിമിക്രിയില്‍  ഒന്നാം സ്ഥാനം നേടിയ വിനോദ് അടുത്ത വര്‍ഷങ്ങളില്‍ രണ്ട് തവണ സംസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരനായി. ശാസ്ത്രീയ മികവിലൂടെ  മികച്ച ഗായകനുമാണ് വിനോദ്. ഒപ്പം മൃദംഗം,തബല, ചെണ്ട എന്നീ വാദ്യകലകളിലും വിനോദ് പ്രാവീണ്യം നേടി. തൃശൂരിലെ  ലോനപ്പന്‍ മാഷിന്‍െറ കീഴിലായിരുന്നുതബലപരിശീലനം. ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയോട്  വിയോജിപ്പുള്ള വിനോദ്   അഭ്യര്‍ഥന അച്ചടിച്ച് ലഘുലേഖയുമായാണ് വാര്‍ഡിലെ വീടുകള്‍ കയറിയിറങ്ങുന്നത്.

 ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതികളില്‍ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗമെന്ന് കരുതുന്ന വിനോദ്  താന്‍ ജനപ്രതിനിധിയായാല്‍  തന്‍െറ  പ്രവര്‍ത്തനങ്ങളില്‍ അമ്പത് ശതമാനം പേര്‍ തൃപ്തരല്ളെങ്കില്‍  സ്ഥാനമൊഴിയുമെന്ന് ഉറപ്പ്നല്‍കിയാണ് വോട്ടര്‍മാരെ കാണുന്നത്. അടുത്ത ബന്ധുവായ  എം.ഡി.നാരായണനും (എല്‍.ഡി.എഫ്.), ടി.ശിവനുമാണ് (യു.ഡി.എഫ്)  വിനോദിന്‍െറ പ്രധാന എതിരാളികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.