തളിപ്പറമ്പ്: തളിപ്പറമ്പ്^കണ്ണൂര്‍ ദേശീയ പാതയില്‍ കുറ്റിക്കോല്‍ പാലം മുതല്‍ കണ്ണൂര്‍ സര്‍വകലാശാല റോഡ് വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന വിശാലമായ പ്രദേശമാണ് ആന്തൂര്‍ നഗരസഭ.
പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര, ഉത്തര കേരളത്തിലെ ഏക അമ്യൂസ്മെന്‍റ് പാര്‍ക്കായ വിസ്മയ പാര്‍ക്ക്, പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം, കേരളത്തിലെ ഏക നിഫ്റ്റ്, ആയുര്‍വേദ മെഡിക്കല്‍ കോളജ്, കെ.എ.പി ബറ്റാലിയന്‍ ആസ്ഥാനം, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, വെള്ളിക്കില്‍ ഇക്കോ പാര്‍ക്ക്, ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് പ്രദേശം.
15 വര്‍ഷം മുമ്പ് തളിപ്പറമ്പ് നഗരസഭയുടെ ഭാഗമാവുന്നതിന് മുമ്പും ഇടതുപക്ഷത്തെ മാത്രം വരിച്ച ചരിത്രമാണ് ആന്തൂരിന്. പക്ഷേ പുതുതായി രൂപവത്കൃതമായ ഈ നഗരസഭയില്‍ കേരള ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് ഇപ്പോള്‍ രചിച്ചത്. 28 അംഗ നഗരസഭയില്‍ പകുതി സീറ്റിലും എതിരാളികള്‍ ഇല്ലാതെ ഇടതുപക്ഷം കസേരയിലത്തെി.
അതേ സമയം കോണ്‍ഗ്രസുകാര്‍ പറയുന്നത് മറ്റൊന്നാണ്. 1995ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ വിരോധത്തിന് അന്നത്തെ മണ്ഡലം പ്രസിഡന്‍റ് വി. ദാസനെ കൊലപ്പെടുത്തിയിരുന്നു. ഇത്തവണയും മുഴുവന്‍ വാര്‍ഡിലും പത്രിക നല്‍കാന്‍ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍, സ്ഥാനാര്‍ഥികളാവാനും പിന്താങ്ങാനും സാധ്യതയുള്ളവരെ ആഴ്ചകള്‍ക്ക് മുമ്പേ ഭീഷണിപ്പെടുത്തിയെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.എന്‍. ആന്തൂരാന്‍ പറയുന്നത്. പത്രിക നല്‍കിയവരെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയാണ് പിന്‍വലിപ്പിച്ചതെന്ന് ബ്ളോക് പ്രസിഡന്‍റ് ടി. ജനാര്‍ദനനും പറയുന്നു. എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ് അനുഭാവികളുണ്ട്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 100 മുതല്‍ 300 വരെ വോട്ടുകള്‍ വിവിധ ബൂത്തുകളില്‍ ലഭിച്ചിട്ടുണ്ട്. ഇത് ആവര്‍ത്തിക്കുമെന്ന ഭയത്താലാണ് സി.പി.എമ്മുകാര്‍ സ്ഥാനാര്‍ഥികളെയും പിന്തുണച്ചവരെയും ഭീഷണിപ്പെടുത്തി എതിരില്ലാതെ ജയം നേടുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.
എന്നാല്‍, മറച്ചുവെക്കാന്‍ കഴിയാത്ത ഒരു സത്യമുണ്ട്. ആന്തൂരിലെ കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം -മൂന്ന് ബ്ളോക് ഭാരവാഹികളും 16 മണ്ഡലം ഭാരവാഹികളും നിരവധി ബൂത്ത് പ്രസിഡന്‍റുമാരുമുണ്ട്. ഇവരില്‍ സ്ഥാനാര്‍ഥിയായത് മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ബ്ളോക് കമ്മിറ്റി ട്രഷറര്‍ ഉള്‍പ്പെടെ മത്സരിക്കാനോ കുടുംബാംഗങ്ങളെ മത്സരിപ്പിക്കാനോ തയാറായില്ല എന്നതാണ് വസ്തുത.
ഒരു കോളനിയിലെ ഏതാനും പേരെ കൊണ്ട് പത്രിക നല്‍കിക്കുകയും സി.പി.എമ്മുകാര്‍ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന് അവര്‍ പ്രതിക പിന്‍വലിക്കുകയും ചെയ്തെങ്കില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നേതൃത്വത്തിനാവുമോ എന്ന ചോദ്യവും ഉദിക്കുന്നു. കോണ്‍ഗ്രസിന്‍െറ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്നവരും മണ്ഡലത്തിലുണ്ട്. ഇവരെ കൊണ്ടും പത്രിക നല്‍കിക്കാനായില്ല. ബ്ളോക് പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റും കിണഞ്ഞ് ശ്രമിച്ചിട്ടും 18 വാര്‍ഡില്‍ മാത്രമേ സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.