കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2000 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേരുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ കൊഫെപോസ (കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ളിങ് ആക്ടിവിറ്റീസ് ആക്്ട്) ചുമത്തി. കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കൊഫെപോസ ബോര്‍ഡാണ് നടപടിയെടുത്തത്. നിയമം ചുമത്തിയതോടെ ഇവരെ ഒരുവര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയും. ഒരു കേസില്‍ ഇത്രയും പേര്‍ക്കെതിരെ ഒറ്റയടിക്ക് കൊഫെപോസ ചുമത്തുന്നത് കേരളത്തില്‍ ആദ്യമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രധാന പ്രതി പി.എ. നൗഷാദ്, എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന മുന്‍ പൊലീസുകാരന്‍ ജാബിന്‍ കെ. ബഷീര്‍, ഷിനോയ്, ബിബിന്‍ സ്കറിയ, സലിം, ഒളിവില്‍ കഴിയുന്ന ഫൈസല്‍, ഫാസില്‍, യാസിര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തിയത്. ഇവരില്‍ സെയ്ഫുദ്ദീന്‍ തമ്മനം സ്വദേശിയും മറ്റുള്ളവര്‍ മൂവാറ്റുപുഴ സ്വദേശികളുമാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ നൗഷാദ്, ജാബിന്‍, ഷിനോയ്, ബിബിന്‍ സ്കറിയ എന്നിവര്‍ കൊഫെപോസ ചുമത്തിയതോടെ കസ്റ്റംസ് ഓഫിസില്‍ കീഴടങ്ങി. പൊലീസത്തെി ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. സലിമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യും.
എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ജാബിന്‍ കെ. ബഷീറിന്‍െറയും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനി ജീവനക്കാരുടെയും സഹായത്തോടെ നൗഷാദിന്‍െറ നേതൃത്വത്തിലെ സംഘം 2013 മുതല്‍ 2015 മേയ് വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കേസ്. മേയ് 24ന് 13 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടരന്വേഷണത്തിലാണ് 600 കോടിയോളം രൂപ വിലവരുന്ന രണ്ടായിരം കിലോയിലേറെ സ്വര്‍ണം കടത്തിയതായി കണ്ടത്തെിയത്. ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ എട്ടുപേര്‍ക്ക് കസ്റ്റംസ് നോട്ടീസയച്ചിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്. കസ്റ്റംസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍, അസി. കമീഷണര്‍ ഉമാദേവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.