അടൂര്‍: സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ച് ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തി കോണ്‍ഗ്രസിന്‍െറ മാനം രക്ഷിച്ച ആളാണ് കെ.ബി. സുശീല. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സുശീല മഹാത്മ ജനസേവന കേന്ദ്രത്തിന്‍െറ തണലില്‍ ജീവിതം തള്ളിനീക്കുകയാണ്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.ബി. സുശീലയാണ് അടൂര്‍ ചേന്നംപള്ളില്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ കഴിയുന്നത്. ഇവിടുത്തെ ഓഫിസില്‍ ക്ളര്‍ക്ക് ആയ സുശീലയെ മണക്കാലയില്‍ ‘മഹാത്മ’ തുടങ്ങുന്ന വയോജന പരിപാലനകേന്ദ്രത്തിന്‍െറ മാനേജരായി നിയമിക്കുമെന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഇടപെട്ടാണ് സുശീലയെ ഇവിടെയത്തെിച്ചത്.
എല്‍.ഡി.എഫിന്‍െറ കുത്തകയായ പള്ളിക്കലില്‍ 1995-2000 കാലയളവില്‍ ഒരുതവണ മാത്രമാണ് യു.ഡി.എഫ് ഭരിച്ചത്. പ്രസിഡന്‍റ് സ്ഥാനം ജനറല്‍ വനിതാസംവരണമായിരുന്നു. എന്നാല്‍, ഭൂരിപക്ഷം നേടിയ യു.ഡി.എഫ് പാനലില്‍ മത്സരിച്ച ജനറല്‍ വനിതാ സ്ഥാനാര്‍ഥികളാരും വിജയിച്ചിരുന്നില്ല. അങ്ങനെയാണ് പട്ടികജാതി വനിതാ സംവരണ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ.ബി. സുശീല പ്രസിഡന്‍റായത്. ജെ.ഡി.സിയും സിവില്‍ എന്‍ജിനീയറിങ്ങും പാസായ സുശീലക്ക് ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്‍െറ പ്രമുഖ നേതാക്കള്‍ ഇടപെട്ട് ജോലിക്കുപോകുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. ഭരണകാലാവധി കഴിയുമ്പോള്‍ സഹകരണ ബാങ്കിലോ മറ്റോ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ കാര്യം കഴിഞ്ഞപ്പോള്‍ എല്ലാം മറന്നു. ജില്ലയിലെ ഏറ്റവും വിസ്തൃതി കൂടിയ പള്ളിക്കല്‍ ഗ്രാമത്തില്‍ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ നടപ്പാക്കിയത് സുശീലയുടെ ഭരണകാലത്താണ്.
കടമുറിയില്‍ വാടക നല്‍കി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന് ആസ്ഥാനമന്ദിരം, വാഹനം, സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു ചന്തക്ക് സ്ഥലം വാങ്ങല്‍, മൂന്ന് സെന്‍റ് സ്ഥലമുള്ള എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം, തെന്നല ബാലകൃഷ്ണപിള്ള എം.പി ഫണ്ട് ഉപയോഗപ്പെടുത്തി പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം, കുടുംബങ്ങള്‍ക്ക് വീടുകള്‍, കക്കൂസുകള്‍ എന്നിവയും സാക്ഷാത്കരിച്ചത് പള്ളിക്കലിന്‍െറ ചരിത്രത്തില്‍ മായാരേഖകളാണ്. 2000ത്തില്‍ ഭരണം ഒഴിയുമ്പോള്‍ 26 വയസ്സുകാരിയായിരുന്ന സുശീലയുടെ വിധി ജീവിതത്തിലും പ്രതികൂലമായി. അര്‍ബുദ ബാധിതയായി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലായപ്പോഴും സുശീലയെ സഹായിക്കാന്‍ പാര്‍ട്ടിക്കാരുണ്ടായില്ല. താങ്ങും തണലുമായിരുന്ന സഹോദരന്‍െറ മരണവും ചികിത്സ നടത്താന്‍ പണമില്ലാത്തതും 71കാരനും ഹൃദ്രോഗിയുമായ പിതാവിന്‍െറ സംരക്ഷണവും എല്ലാം കൂടിയായപ്പോള്‍ അവര്‍ തളര്‍ന്നു.
വിവാഹിതരായ മൂത്ത സഹോദരിമാരുടെ സഹായത്താലാണ് സുശീലയുടെയും പിതാവിന്‍െറയും ചികിത്സ നടത്തിയത്. സ്വന്തമായി സ്ഥലവും വീടുമില്ലാതെ അര്‍ബുദ ചികിത്സക്ക് കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചപ്പോഴും അവര്‍ കൈയൊഴിഞ്ഞു. 25 സെന്‍റ് സ്ഥലം ആകെയുണ്ടായിരുന്നതില്‍ 10 സെന്‍റ് വീതം സഹോദരിമാര്‍ക്കു നല്‍കി. ചികിത്സാര്‍ഥം അഞ്ച് സെന്‍റ് സ്ഥലംവിറ്റു. നാട്ടിലെ അവഗണന സഹിക്കവയ്യാതെ ബംഗളൂരുവിലുള്ള അമ്മാവന്‍െറ വീട്ടില്‍ കുറെനാള്‍ താമസിച്ചു. ജീവിതക്ളേശമേറിയപ്പോള്‍ ആലുവ ശ്രീനാരായണ സേവികാസമാജത്തില്‍ അഭയം പ്രാപിച്ചു. ഓഫിസിലെ ഹോസ്റ്റല്‍ വാര്‍ഡനായി ചുമതലയും ലഭിച്ചു. ചികിത്സാച്ചെലവും മറ്റും ഈ അനാഥാലയത്തിന്‍െറ ചുമതലയിലായിരുന്നു. പിതാവിന്‍െറ രോഗം മൂര്‍ച്ഛിച്ചതോടെ സുശീലക്ക് അവിടം വിട്ടുപോകേണ്ടിവന്നു. മഹാത്മയില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂവെങ്കിലും താന്‍ സന്തോഷവതിയാണെന്നും ഇനിയുള്ള കാലം വൃദ്ധരെ പരിചരിക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും സുശീല ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.