രഞ്ജി: കേരളം ലീഡ് വഴങ്ങി

പെരിന്തല്‍മണ്ണ: ഝാര്‍ഖണ്ഡിന്‍െറ ഒന്നാം ഇന്നിങ്സ് 202ല്‍ അവസാനിപ്പിച്ച കേരളത്തിന് കിട്ടിയത് ഉരുളക്ക് ഉപ്പേരി. രണ്ടാംദിനം ഒരു വിക്കറ്റിന് മൂന്ന് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ആതിഥേയര്‍ വെറും 148 റണ്‍സിന് പുറത്തായപ്പോള്‍ സന്ദര്‍ശകര്‍ക്ക് 54 റണ്‍സിന്‍െറ നിര്‍ണായക ലീഡ്. 16.4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ വരുണ്‍ ആരോണാണ് കേരളത്തിന്‍െറ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്റ്റമ്പെടുക്കുമ്പോള്‍ ഝാര്‍ഖണ്ഡ് രണ്ടിന് 47 എന്ന നിലയിലാണ്. 101 റണ്‍സ് മുന്നിലാണ് അവര്‍.അര്‍ധശതകവുമായി ടോപ്സ്കോററായ രോഹന്‍ പ്രേമും (52) ഓപണര്‍ വി.എ. ജഗദീഷും (44) കഴിഞ്ഞാല്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് (14) മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒമ്പതില്‍ റണ്ണൗട്ടായി. മറ്റൊരു പ്രമുഖന്‍ സചിന്‍ ബേബിക്കും (എട്ട്) യാതൊന്നും ചെയ്യാനായില്ല. നാല് ബാറ്റ്സ്മാരുടെ സംഭാവന പൂജ്യമായിരുന്നു.

രാവിലെ ബാറ്റിങ് പുനരാരാംഭിച്ചപ്പോള്‍ ആദ്യം നഷ്ടമായത് നൈറ്റ് വാച്ച്മാന്‍ അഹമ്മദ് ഫര്‍സീനെയാണ്. 36 പന്തില്‍ രണ്ട് റണ്‍സെടുത്ത താരത്തെ ജസ്കരന്‍ സിങ്ങിന്‍െറ പന്തില്‍ സൗരഭ് തിവാരി പിടിച്ചു. രണ്ടിന് 14 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നു സഞ്ജുവിന്‍െറ വരവ്. രണ്ട് ബൗണ്ടറി നേടി ക്യാപ്റ്റന്‍ പ്രതീക്ഷ നല്‍കിയെങ്കിലും അനാവശ്യ റണ്ണിന് ശ്രമിച്ച് എല്ലാം അവസാനിപ്പിച്ചു. നായകന്‍ മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സ്. ഉച്ച ഭക്ഷണ സമയം മൂന്നിന് 70. ജഗദീഷും (26) രോഹനും (23) ക്രീസില്‍.

നാലാം വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്ത ജഗദീഷ്-രോഹന്‍ സഖ്യത്തിന് ആരോണ്‍ അന്ത്യംകുറിച്ചു. 135 പന്തില്‍ നാല് ബൗണ്ടറിയടക്കം 44 റണ്‍സെടുത്ത ജഗദീഷിനെ വിക്കറ്റിന് പിറകില്‍ കിഷന്‍ പിടികൂടുകയായിരുന്നു. സ്കോര്‍ 144ല്‍ മൂന്നുപേര്‍ വീണു. 106 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 52 റണ്‍സെടുത്ത രോഹനെയും കൗശല്‍ എല്‍.ബി.ഡബ്ള്യുവില്‍ പുറത്താക്കി. ഇതേ ഓവറില്‍ റൈഫി വിന്‍സന്‍റ് ഗോമസ്  പൂജ്യത്തിന് റണ്ണൗട്ടായി. അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മോനിഷിനെയും  ആരോണ്‍ ബൗള്‍ഡാക്കുമ്പോള്‍ എട്ടിന് 144. നിയാസ് നിസാറിനെ (പൂജ്യം) ആരോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. റോബര്‍ട്ടിനെയും പുറത്താക്കി ആരോണ്‍ ഇരകളുടെ എണ്ണം അഞ്ചാക്കിയതോടെ കേരളം 148ന് ഓള്‍ ഒൗട്ട്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഝാര്‍ഖണ്ഡിനെ എട്ടാം ഓവറില്‍ റൈഫി ഞെട്ടിച്ചു. ഓപണര്‍ പ്രകാശ് മുണ്ടയും (നാല്) ശിവ ഗൗതമും (പൂജ്യം) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഓപണര്‍ കിഷനും (30) ഒരു റണ്ണെടുത്ത തിവാരിയുമാണ് ക്രീസില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.