ബങ്കളം ‘എം.എല്‍.എ റോഡില്‍’ നാരായണന് ഇനി പുതിയ വിലാസം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും ആസ്വദിച്ച് ‘അടുത്തൂണ്‍’ പറ്റേണ്ട സമയമായിട്ടും 59ാം വയസ്സിന്‍െറ ‘ചെറുപ്പ’ത്തില്‍  ജനസേവന രംഗത്തുണ്ട് ഈ മുന്‍ എം.എല്‍.എ. രണ്ട് ടേമിലായി 10 വര്‍ഷം ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍നിന്ന് ജയിച്ച ആള്‍ വീണ്ടും ജനസേവനത്തിന്‍െറ കുപ്പായമണിഞ്ഞത് ജില്ലാ പഞ്ചായത്തിലേക്കാണെന്ന് മാത്രം. ഇടത് കോട്ടയെന്ന് പേരുകേട്ട ബേഡകം  സംവരണ ഡിവിഷനില്‍ സി.പി.ഐ സ്ഥാനാര്‍ഥിയാണ് മുന്‍ എം.എല്‍.എ എം. നാരായണന്‍.

 കോരിച്ചൊരിയുന്ന മഴയത്ത് നിറഞ്ഞ് കുത്തിയൊഴുകുന്ന തോട് ചാടിക്കടക്കുന്ന മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ നാരായണണ്‍െറ ഉള്ളിലുണ്ട്. അവരെങ്ങാനും തോട്ടില്‍ വീണാല്‍ ജീവിതം തിരിച്ച് കിട്ടുമോ എന്ന ആശങ്കയില്‍ നിന്നാണ് എം.എല്‍.എ റോഡിന്‍െറ പിറവി. അന്ന് കാലവര്‍ഷക്കെടുതിയില്‍ പെടുത്തി 20 ലക്ഷം ലഭ്യമാക്കി പാലവും കള്‍വര്‍ട്ടുകളും നിര്‍മിച്ചു. നാട്ടുകാര്‍ അതിനെ എം.എല്‍.എ റോഡെന്ന് വിളിച്ചപ്പോള്‍ അത് സ്വന്തം വിലാസമായി. ആരെങ്കിലും വീടെവിടെയെന്ന് ചോദിച്ചാല്‍ മടിക്കൈ ബങ്കളം സ്കൂളിന് സമീപത്തെ എം.എല്‍.എ റോഡിന് ചേര്‍ന്നാണെന്ന് പറയും.

ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്ത മുന്‍ എം.എല്‍.എയെ കുറിച്ചുള്ള വാര്‍ത്ത വന്നതോടെ ഇടക്കാലത്ത് നാരായണന്‍ സംസാരവിഷയമായി. എം.എല്‍.എ റോഡിലെ കൊച്ചുവീട്ടിലേക്ക് യാദൃശ്ചികമായാണ് വീണ്ടും തെരഞ്ഞെടുപ്പ് വിളി വന്നത്. 1991ല്‍ ആദ്യമായി നിയമസഭാ സ്ഥാനാര്‍ഥിയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പോസ്റ്റല്‍ ജീവനക്കാരനായിരുന്നു.  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത എം. നാരായണന്‍ അങ്ങനെ യാദൃശ്ചികവും നാടകീയവുമായി ഹോസ്ദുര്‍ഗില്‍ സാമാജികനായി.  2001-06 കാലത്ത് അനിയന്‍ കുമാരനായിരുന്നു എം.എല്‍.എ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.