തൃശൂര്‍: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ന്യൂജനാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതോടെ പ്രചാരണത്തിനുമുണ്ട് ഈ പുതുതലമുറ തരംഗം. സ്ഥാനാര്‍ഥികള്‍ക്കായി ചുമരെഴുത്തുകള്‍ അത്ര ശക്തമല്ല. ചായക്കടകളിലും കവലകളിലും ചൂടന്‍ ചര്‍ച്ചയില്ല. അതുകൊണ്ടു തന്നെ ന്യൂജനറേഷന്‍ കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത് നവസാമൂഹിക ചുമരുകളിലാണ്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ പ്രചാരണം കനക്കുകയാണ്. ഗ്രാമപഞ്ചായത്തുകളുടെ ഒരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് വാട്സ്ആപ് കമ്മിറ്റികളും ഉണ്ടാക്കി കഴിഞ്ഞു. ഓരോ വാര്‍ഡിലെയും വോട്ടര്‍മാരെ ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍ വാട്സ്ആപ് ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്.

സ്ഥാനാര്‍ഥികളുടെ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിരവിധി പോസ്റ്റുകളാണ് ദിനേന വരുന്നത്. സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസയോഗ്യതകളും മുന്‍പരിചയവും വാര്‍ഡിലെ സ്വീകാര്യതയും ഒപ്പം കുടുംബവേരുകള്‍ അടക്കം അരുച്ചുപെറുകി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭരണസമിതിയുടെ നേട്ടങ്ങളുമായി നിലവിലെ ഭരണക്കാരും നടപ്പാകാതെ പോയവയെക്കുറിച്ച് പ്രതിപക്ഷവും വിവരങ്ങള്‍ നിരത്തുന്നുണ്ട്.
പ്രചാരണ ചെലവ് 10,000ല്‍ ഒതുക്കിയ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാടിനെ മറികടക്കാനും ന്യൂജന്‍ മാര്‍ഗം സഹായകമാണ്. ഒരു നിയന്ത്രണവും ഇല്ലാത്തതിനാല്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ സ്ഥലത്തെ പ്രധാന സാമൂഹികമാധ്യമ പ്രവര്‍ത്തകരെ തപ്പി നടക്കുകയാണ്. ഏതുനേരവും മൊബൈലിലും ഫേസ്ബുക്കിലും മേയുന്നവര്‍ക്കാണ് നറുക്ക് വീഴുക. വാട്സ്ആപ് പ്രചാരണത്തിന് പ്രവാസികളെയാണ് അധികം ഉപയോഗിക്കുന്നത്. നാട്ടിലുള്ളവര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി മുന്നേറുമ്പോള്‍ വാട്സ്ആപ്പിലൂടെ നല്‍കുന്ന പടങ്ങളും നിര്‍ദേശങ്ങളും ആക്ഷേപഹാസ്യവും ഗൗരവകരമായ ചിന്തകളുമായി പ്രവാസികള്‍ പ്രചരിപ്പിക്കും. യുവാക്കളെ അവഗണിക്കുന്നതിനെതിരെ ഷര്‍ട്ട് ഊരി ബനിയന്‍ ധരിച്ച് ന്യൂജന്‍ പ്രതിഷേധപ്രകടനവും കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ നടന്നിരുന്നു.

വാര്‍ഡുതലങ്ങളിലെ മത്സരങ്ങള്‍ ബന്ധുക്കളും നാട്ടുകാരും അറിയുന്നവരും തമ്മില്‍ ആയതിനാല്‍ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ അതിരുകടക്കരുതെന്ന നിര്‍ദേശവും ഇവയില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം നവംബര്‍ ഏഴിന് വരുന്നതോടെ അവസാനിക്കുമെന്നും തുടര്‍ന്നും ബന്ധങ്ങള്‍ക്ക് വിള്ളലില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി പഴയ തുലമുറയുടെ നന്മയുടെ സന്ദേശവും ഈ ചുമരുകളില്‍ കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.