വിവാദം അടങ്ങാതെ കാരായിമാരുടെ സ്ഥാനാര്‍ഥിത്വം; കുലുക്കമില്ലാതെ സി.പി.എം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ഥികളായത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ക്രിമിനല്‍ കേസ് പ്രതികള്‍ സ്ഥാനാര്‍ഥികളായത് അക്രമരാഷ്ട്രീയത്തെ വെള്ളപൂശാനുള്ള  സി.പി.എം ശ്രമമാണെന്ന് ആരോപണമുയരുമ്പോഴും ഇത് പ്രതിരോധിച്ചാണ് പാര്‍ട്ടി ചുവടു  വെക്കുന്നത്. ഇതിനിടെ, കാരായി രാജന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയതിനെചൊല്ലിയും വിവാദമുയരുകയാണ്. കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലേക്കുമാണ് പത്രിക നല്‍കിയത്. വധക്കേസ് പ്രതികളെ മത്സരിപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രി കെ.സി. ജോസഫ് ആരോപിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. കാരായിമാര്‍ സ്ഥാനാര്‍ഥികളായത് ക്രിമിനല്‍ രാഷ്ട്രീയത്തിന് ആക്കം കൂട്ടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു.

കെട്ടിവെക്കാനുള്ള തുക നല്‍കിയതില്‍ വിവാദത്തിന് ഇടമില്ളെന്ന് ടി. പത്മനാഭന്‍ പ്രതികരിച്ചു. ‘മത്സരിക്കുന്നവര്‍ മത്സരിക്കട്ടെ, പണം നല്‍കുന്നവര്‍ അത് ചെയ്യട്ടെ. എന്തിനാണ് വിവാദമാക്കുന്നത്?’ അതേസമയം, കാരായി രാജനും കാരായി ചന്ദ്രശേഖരനും സ്ഥാനാര്‍ഥികളായത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും സി.പി.എമ്മിന്‍െറ സ്വാധീനത്തില്‍ വിറളിപൂണ്ടാണ് യു.ഡി.എഫ്  രംഗത്തുവന്നതെന്നും സി.പി.എം  ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ മത്സരിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കവേ, അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതല്ളെന്നും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇല്ലന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കാരായിമാരെ ക്രിമിനല്‍ കേസിന്‍െറ പേരില്‍ രാഷ്ട്രീയവനവാസത്തിനയക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്. കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്‍െറ വളര്‍ച്ചയില്‍ കാരായി രാജന്‍െറ പങ്ക് നിസ്തുലമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും മത്സരിക്കാനാവില്ളെന്നും സി.പി.എം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഫസല്‍ വധക്കേസില്‍ പങ്കില്ളെന്നാണ് സി.പി.എം ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കാരായിമാരെ കളങ്കിതരായി മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. ഇരുവരുടെയും ഇമേജ് മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി തന്നെയാണ് സ്ഥാനാര്‍ഥിത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.