അങ്കത്തട്ടില്‍ നായനാര്‍ക്കും പി.കെ.വിക്കും പിന്‍ഗാമികള്‍

കൊച്ചി: ജനഹൃദയങ്ങളില്‍ മരണമില്ലാത്ത രണ്ട് മഹാരഥന്മാരുടെ പേരുകള്‍ തെരഞ്ഞെടുപ്പുഗോദയില്‍ വീണ്ടും ഉയരുന്നു. മുന്‍ മുഖ്യമന്ത്രിമാരില്‍ ഇ.കെ. നായനാരുടെ മകള്‍ ഉഷയും പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദയും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. കൊച്ചി നഗരസഭയിലേക്ക് തിങ്കളാഴ്ച  പത്രിക സമര്‍പ്പിച്ച കയ്യൂര്‍ സമരനായകന്‍െറ ഇളയ മകള്‍ ഉഷ പ്രവീണ്‍ ജനാംഗീകാരം തേടി ഭവനസന്ദര്‍ശനത്തിലാണ്. ബുധനാഴ്ച എറണാകുളം ജില്ലാ പഞ്ചായത്തിലെ കാലടി ഡിവിഷനിലേക്ക് സി.പി.ഐ സ്ഥാനാര്‍ഥിയായി  പത്രിക സമര്‍പ്പിക്കുന്ന പി.കെ.വിയുടെ മകള്‍ ശാരദ മോഹന്‍ ഡിവിഷനിലെ പ്രധാന സ്ഥാപനങ്ങളിലും സ്കൂളുകളിലും നേരിട്ടത്തെി സ്വയം പരിചയപ്പെടുത്തുന്ന തിരക്കിലുമാണ്.

ഇരുവരും സ്ഥാനാര്‍ഥികളായതോടെ സംഭരിക്കപ്പെട്ട ഊര്‍ജം വരുംദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു പ്രദേശത്തെയും അണികളും നേതാക്കളും. 27 വര്‍ഷമായി കൊച്ചിയില്‍ വീട്ടമ്മയായ ഉഷ പ്രവീണ്‍ കൊച്ചി നഗരസഭയില്‍ രവിപുരം ജനറല്‍ ഡിവിഷനില്‍നിന്നാണ് ജനവിധി തേടുന്നത്. ഡിവിഷനില്‍ വ്യക്തിപരമായ ബന്ധങ്ങളും കുടുംബപരമായ സുഹൃദ്വലയവും കഴിഞ്ഞതവണ കൈവിട്ട സീറ്റ് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ഉഷക്കും പാര്‍ട്ടിക്കുമുള്ളത്. ഞായറാഴ്ച ഒൗദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് തുടക്കമിട്ട ഉഷ പ്രവീണ്‍ ഭവനസന്ദര്‍ശനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മുന്നിലത്തൊനാണ് ലക്ഷ്യമിടുന്നത്.

ഡിവിഷനിലെ മുഴുവന്‍ വീടുകളിലും നേരിട്ടത്തെി വോട്ടഭ്യര്‍ഥിക്കും. ഞായറാഴ്ച നിശ്ചയിച്ചിട്ടുള്ള ഡിവിഷന്‍ കണ്‍വെന്‍ഷനില്‍ മകള്‍ക്ക് പിന്തുണയുമായി നായനാരുടെ പത്നി ശാരദ ടീച്ചറും പങ്കെടുക്കും. ബംഗളൂരു സെന്‍റ് ആന്‍സ് സ്കൂളില്‍ അധ്യാപികയായിരുന്ന ശാരദ മോഹന്‍ പിതാവിന്‍െറ മരണശേഷം 2007ലാണ് തറവാട് സ്ഥിതി ചെയ്യുന്ന പുല്ലുവഴിയിലേക്ക് മടങ്ങിയത്തെിയത്. ബംഗളൂരുവില്‍ ബിസിനസ് നടത്തിവന്ന ഭര്‍ത്താവ് ബി. മോഹന്‍ ബാബുവും കഴിഞ്ഞവര്‍ഷം നാട്ടില്‍ തിരികെയത്തെി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ രായമംഗലം ബ്ളോക് ഡിവിഷനിലേക്ക് സി.പി.ഐ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചെങ്കിലും ഡിവിഷനിലെ സി.പി.എം സ്ഥാനാര്‍ഥിക്കുവേണ്ടി അവസാന നിമിഷം പിന്‍വലിച്ചിരുന്നു. പിതാവിന്‍െറ ജന്മനാടായ കോട്ടയം കിടങ്ങൂരില്‍ ഇത്തവണ മത്സരിക്കണമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കാലടിയില്‍ മത്സരിക്കണമെന്ന ആവശ്യമാണ് ശാരദ പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.