ജസ്റ്റിസ് കെ.ടി. തോമസിന്‍െറ പാദം തൊട്ടുവണങ്ങിയെന്ന്; ജഡ്ജിക്കെതിരെ പരാതി


കൊച്ചി: റിട്ട. ജസ്റ്റിസ് കെ.ടി. തോമസിന്‍െറ പാദം തൊട്ടു വണങ്ങിയെന്നാരോപിച്ച് കോട്ടയം ജില്ലാ ജഡ്ജിനും മജിസ്ട്രേറ്റുമാര്‍ക്കുമെതിരെ പരാതി.
ഓക്ടോബര്‍ രണ്ടിന് കോട്ടയം ജില്ലാ കോടതി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ ജഡ്ജിയും ജില്ലയിലെ മജിസ്ട്രേറ്റുമാരും മുന്‍സിഫുമാരും ക്യൂ നിന്ന് ജസ്റ്റിസ് കെ.ടി. തോമസിന്‍െറ പാദം തൊട്ടു വണങ്ങിയെന്നാണ് ആരോപണം.
നിയമപരമോ ഭരണഘടനാപരമോ ആയ പദവികളൊന്നും ഇപ്പോള്‍ വഹിക്കാത്ത മുന്‍ ജഡ്ജിയുടെ മുന്നില്‍ ഇത്തരം പരിപാടി നടത്തി ജുഡീഷ്യറിയുടെ അന്തസ്സ് തകര്‍ത്തെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ ടൈറ്റസ് മാണി വെട്ടം ചീഫ് ജസ്റ്റിസ് അശോക് ഭൂഷണിന് പരാതി നല്‍കി.
 അടുത്തുതന്നെ വിരമിക്കാനിരിക്കുന്ന ജില്ലാ ജഡ്ജി മനുഷ്യാവകാശ കമീഷനില്‍ തന്‍െറ സ്ഥാനം ഉറപ്പിക്കാനാണ് ജുഡീഷ്യറിയുടെ അന്തസ്സ് റിട്ട. ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുന്നില്‍ അടിയറ വെച്ചതെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍, മുതിര്‍ന്ന പൗരന്‍മാരുടെ ദിനാചരണത്തിന്‍െറ ഭാഗമായാണ് ചടങ്ങും മറ്റ് കാര്യങ്ങളും സംഘടിപ്പിച്ചതെന്നാണ് ജില്ലാ ജഡ്ജിയുടെ വിശദീകരണം. ഗുരുവന്ദനം നടത്തി ജസ്റ്റിസ് കെ.ടി. തോമസിന് പൊന്നാട അണിയിക്കുകയാണ് താനും മറ്റുള്ളവരും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.