വേണുഗോപാലും ഗണേഷും ആര്യാടനും ലക്ഷങ്ങള്‍ വാങ്ങി –ബിജു രാധാകൃഷ്ണന്‍

കൊച്ചി: കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അംഗീകാരം ലഭിക്കാന്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിന് രണ്ടുതവണയായി 35 ലക്ഷം രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍. സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, അന്ന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും സോളാര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയെന്നും ബിജു സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് എല്ലാ സഹായവും ലഭിച്ചെന്നും ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കി.

കെ.സി. വേണുഗോപാലിന്‍െറ ആലപ്പുഴയിലെ വീട്ടിലത്തെിയാണ് രണ്ടുതവണയും പണം നല്‍കിയത്. ആദ്യം 25 ലക്ഷവും പിന്നീട് 10 ലക്ഷവും നല്‍കി. അനര്‍ട്ടിന്‍െറയും ചാനല്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കാന്‍ അംഗീകാരം കിട്ടാനാണ് പണം നല്‍കിയത്.  കെ.സി. വേണുഗോപാലിനെ സമീപിച്ചത് അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ ആലപ്പുഴ പഴവീട് സ്വദേശി നാഗരാജന്‍  മുഖേനയാണ്. നാഗരാജന്‍ തന്‍െറ ബന്ധു കൂടിയാണ്. കെ.സി. വേണുഗോപാലിനെ ആലപ്പുഴയിലെ വീട്ടില്‍വെച്ചും ഒരുതവണ ഡല്‍ഹിയിലെ ഒൗദ്യോഗിക വസതിയിലും മറ്റൊരുവട്ടം നെടുമ്പാശേരി വിമാനത്താവളത്തിന്‍െറ ലോഞ്ചില്‍വെച്ചും കണ്ടിരുന്നു. കെ.സി. വേണുഗോപാല്‍ ആവശ്യം സാധിച്ചുതരാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍, ഇതിന് ചെലവുണ്ടെന്ന് നാഗരാജന്‍ വഴി അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ 25 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അനുമതിക്ക് ആവശ്യമായ എല്ലാ രേഖകളും തയാറാക്കി  ഇതിനൊപ്പം 25 ലക്ഷം രൂപയുമായി താനും ഒരു സുഹൃത്തും ആലപ്പുഴയിലെ വേണുഗോപാലിന്‍െറ വസതിയില്‍ ചെന്നു. അവിടെ നാഗരാജനും കെ.സി. വേണുഗോപാലും അദ്ദേഹത്തിന്‍െറ പി.എയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ മുറിയില്‍വെച്ച് രേഖകള്‍  കൈമാറി.   മൂന്നുമാസം കഴിഞ്ഞപ്പോള്‍ അനുമതി കിട്ടുന്നതിന്‍െറ പുരോഗതിയെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ആലപ്പുഴയിലെ വീട്ടില്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യത്തിലാണ് ഈ പണം നാഗരാജന് കൈമാറിയത്.  
കമ്പനിക്ക് സര്‍ക്കാര്‍തലത്തിലെ സഹകരണവും പദ്ധതികളും വാഗ്ദാനംചെയ്ത് ഗണേഷ് കുമാര്‍ 40 ലക്ഷവും ആര്യാടന്‍ മുഹമ്മദ് 15 ലക്ഷവും വാങ്ങി. നാല് കോടി രൂപയുടെ നാല് പദ്ധതികള്‍ ലഭ്യമാക്കാമെന്ന ധാരണയില്‍ ഗണേഷ് കുമാര്‍ പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ഗണേഷ് നിര്‍ദേശിച്ചതനുസരിച്ച് മനോജ്, പ്രദീപ് എന്നിവര്‍ക്ക് തുക കൈമാറി. എറണാകുളം സെമിത്തേരിമുക്കിലെ ടീം സോളാര്‍ ഓഫിസില്‍ എത്തി പണമായി ഇവര്‍ കൈപ്പറ്റി.

സരിതയുമായുള്ള അവിഹിതബന്ധം  താന്‍ പിടികൂടിയതോടെയാണ് ഗണേഷ്  തനിക്കെതിരെ കരുനീക്കിയത്. ഇതേച്ചൊല്ലി സരിതയുമായുണ്ടായ പ്രശ്നങ്ങളാണ് സോളാര്‍ കമ്പനി തകരാന്‍ ഇടയാക്കിയത്.   വൈദ്യുതി ബോര്‍ഡ് ഓഫിസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ തയാറാക്കിയ പദ്ധതി അനുവദിച്ച് തരാമെന്ന ധാരണയിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത്. പി.എ കേശവന്‍ നിര്‍ദേശിച്ചതനുസരിച്ച് കോട്ടയത്ത് സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തിന് മന്ത്രി വന്നപ്പോഴാണ് നേരില്‍ കണ്ടത്. ചടങ്ങില്‍ ടീം സോളാറിന്‍െറ പേര് മന്ത്രി എടുത്ത് പറഞ്ഞിരുന്നുവെന്നും ബിജു പറഞ്ഞു. തുടര്‍ന്ന്, കേശവന്‍ പറഞ്ഞതനുസരിച്ച് തുക മന്ത്രിയുടെ കാറില്‍വെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസില്‍നിന്ന് എല്ലാവിധ സഹായവും ലഭ്യമായിരുന്നെന്നും ബിജു രാധാകൃഷ്ണന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.