പാനായിക്കുളം കേസ്: രണ്ട് പ്രതികൾക്ക് 14 വർഷം, മൂന്ന് പ്രതികൾക്ക് 12 വർഷം കഠിന തടവ്

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയവരിൽ രണ്ട് പ്രതികൾക്ക് 14 വർഷവും ബാക്കി മൂന്ന് പ്രതികൾക്ക് 12 വർഷവും കഠിനതടവ്. ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി (33), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക് (36) എന്നിവർക്കാണ് 14 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇവർ 60000 രൂപ പിഴയും അടക്കണം.  ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി (34), പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍ (34), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് (30) എന്നിവർക്കാണ് 12 വർഷം തടവും ശിക്ഷ വിധിച്ചത്. ഇവർ  55000 രൂപ പിഴയുമടക്കണം. ജഡ്ജി കെ.എം. ബാലചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുൽ റാസിഖ്, അൻസാർ നദ് വി എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീൻ, ഷംനാസ് എന്നിവർക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

രാജ്യത്തിനെതിരായ കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും  ഇത്തരം കുറ്റകൃത്യം നടത്തിയവര്‍ ഒരുകാരുണ്യത്തിനും അര്‍ഹരല്ലെന്ന് എന്‍.ഐ.എ കോടതിയിൽ വാദിച്ചിരുന്നു. എന്നാല്‍, പ്രതികളില്‍ മൂന്നുപേര്‍ പാനായിക്കുളം കേസ് നടക്കുന്നതിന് മുമ്പോ ശേഷമോ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടില്ലെന്നത് ശിക്ഷാവിധിയില്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

അവിവാഹിതനായ ഒന്നാം പ്രതി എന്‍ജിനീയറിങ് ബിരുദധാരിയാണ്. എം.എ, ബി.എഡ്, ജേണലിസം ഡിപ്ളോമ പാസായ രണ്ടാം പ്രതി തന്‍െറ വീട്ടില്‍ ശരീരം തളര്‍ന്ന ഒരുസഹോദരനാണുള്ളതെന്നും ശുശ്രൂഷിക്കാന്‍ മറ്റാരുമില്ലെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇളവ് വേണമെന്നും രണ്ടാം പ്രതി ആവശ്യപ്പെട്ടു. 2009ല്‍ പിതാവ് മരണപ്പെട്ടെന്നും മാതാവ് കാന്‍സര്‍ രോഗിയാണെന്നും മൂന്ന് ചെറിയ മക്കളാണുള്ളതെന്നും നാലാം പ്രതിയും കോടതിയെ അറിയിച്ചു. വീട്ടില്‍ വൃദ്ധയായ മാതാവാണുള്ളതെന്നും കുടുംബത്തിലെ കടബാധ്യത താന്‍ കോഴിക്കോട്ട് നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനം കൊണ്ട് തീര്‍ത്തുവരുകയാണെന്നും ജയിലിലായാല്‍ കുടുംബത്തിന്‍െറ കാര്യം ബുദ്ധിമുട്ടിലാവുമെന്നും ഇളവുണ്ടാകണമെന്നും അഞ്ചാം പ്രതിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

2006ലെ സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യ ദിനത്തിൽ മുസ്ലിംകളുടെ പങ്ക്’ എന്ന പേരിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നാണ് കണ്ടെത്തൽ. വേദിയിലെ അഞ്ച് സിമി നേതാക്കളും സദസിലെ 13 പേരും അടക്കം 18 പേർ യോഗത്തിൽ പങ്കെടുത്തു.സംഭവത്തിൽ സിമി നേതാക്കൾക്കെതിരെ മാത്രം കേസെടുത്ത ബിനാനിപുരം പൊലീസ് 13 പേരെ വിട്ടയച്ചു. കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം തലവൻ ഡി.വൈ.എസ്.പി ശശിധരൻ, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള 13 പേരെ കൂടി പ്രതിചേർത്തു. ക്യാമ്പിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് 13 പേർ എത്തിയതെന്നും വേദിയിൽ ഉണ്ടായിരുന്നവരെ സദസിലുള്ളവർ പ്രോത്സാഹിപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.