പ്രതിപക്ഷബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ബാർ കോഴയിൽ മന്ത്രി കെ. ബാബുവിൻെറ രാജി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളം കാരണം നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തിനാൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിന് ശേഷം സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്.

പ്രതിപക്ഷ ബഹളത്തോടെയാണ് സഭ ആരംഭിച്ചത്. കെ. ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയം ശൂന്യവേളയിൽ പരിഗണിക്കാമെന്ന് സ്പീക്കർ എൻ.ശക്തൻ ഉറപ്പുനൽകി. ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം തൽക്കാലം അവസാനിച്ചത്. എന്നാൽ ഇതിന് ശേഷം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ സ്തംഭിക്കുകയായിരുന്നു.

ബാർ കോഴക്കേസിൽ നിയമങ്ങൾ സർക്കാർ കാറ്റിൽ പറത്തുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അന്വേഷണത്തിൽ വിജിലൻസ് വീഴ്ചവരുത്തി. ബാറുടമകളിൽ നിന്ന് ഒരു കോടി വാങ്ങിയ മാണി മന്ത്രിസഭക്ക് പുറത്തും 10 കോടി വാങ്ങിയ ബാബു അകത്തുമാണുള്ളതെന്നും ഇത് ഇരട്ടനീതിയാണെന്നും അടിയന്തര പ്രമേയത്തിനുമേൽ സംസാരിച്ച കോടിയേരി പറഞ്ഞു. അതേസമയം, ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. ബാബുവിനും മാണിക്കും ഇരട്ടനീതിയല്ല. ബാബുവിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ട്. തെളിവുകളും മൊഴികളുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ബാർ കോഴക്കസുമായി ബന്ധപ്പെട്ട് രാജിവെച്ച കെ.എം മാണിയുടെ സീറ്റിൽ മന്ത്രി പി.ജെ. ജോസഫാണ് ഇന്ന് ഇരിക്കുന്നത്. കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാനാണ് പി.ജെ ജോസഫ്. മാണി ഇന്ന് സമ്മേളനത്തിനെത്തിയില്ല. അതേസമയം, പി.സി ജോർജിനെ അയോഗ്യനാക്കിയതായി സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ ജോർജ് അയോഗ്യനാക്കുംമുമ്പെ രാജിവെച്ചിരുന്നു എന്ന് പ്രതിപക്ഷം പറഞ്ഞു.

ഹർത്താൽ നിയന്ത്രണ ബിൽ, മലയാള ഭാഷാ ബിൽ തുടങ്ങിയവയാണ് സഭയിൽ അവതരിപ്പിക്കാനുള്ളത്. ഇതിനുപുറമെ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളുമുണ്ട്. ഇന്നുമുതൽ 17ാം തിയതി വരെയാണ് സഭ ചേരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.