മൈക്രോഫിനാന്‍സിന് ഒരാമുഖം

സാമൂഹിക, സാമുദായിക ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെ വന്‍തുക വായ്പയായി തരപ്പെടുത്തുക. മിതമായ പലിശനിരക്കില്‍ തരപ്പെടുത്തുന്ന വായ്പ ചെറുകിട യൂനിറ്റുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യുക.
പലിശനിരക്കില്‍ നേരിയ മാര്‍ജിന്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വിശദമായ പദ്ധതിരേഖ മുന്‍കൂട്ടി സമര്‍പ്പിച്ചവര്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കുക. വായ്പയുടെ ഉത്തരവാദിത്തം വ്യക്തികളില്‍ ഒതുങ്ങുന്നില്ല. ഇതു തിരിച്ചടക്കേണ്ടത് ചെറുകിട സ്വാശ്രയസംഘങ്ങളുടെ കൂട്ടുത്തരവാദിത്തമാണ്. സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്വാശ്രയസംഘങ്ങള്‍ക്ക് ഇത്തരം സാമ്പത്തികസഹായം ഏറെ പ്രയോജനപ്രദമാണ്.
പക്ഷേ, സാമ്പത്തികസഹായം അര്‍ഹിക്കുന്ന സ്വാശ്രയസംഘങ്ങളെ ഇരുട്ടില്‍ നിര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. അതിന്, പ്രാദേശികതലത്തില്‍ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ഒത്താശയും ലഭിച്ചു.
സംസ്ഥാന വ്യാപകമായി 125 യൂനിയനുകളാണ് എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ളത്. യൂനിയനുകള്‍ക്ക് കീഴില്‍ 6000ത്തോളം ശാഖകളുണ്ട് (നിലവില്‍ ചിലത് നിര്‍ജീവമാണ്). ഓരോ ശാഖയുടെ കീഴിലും അവരുടെ സഹകരണത്തോടെ അല്ളെങ്കില്‍ പിന്തുണയോടെ രജിസ്റ്റര്‍ ചെയ്ത സ്വാശ്രയ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സംഘങ്ങളാണുള്ളത്. എല്ലാ ആഴ്ചയും ചിട്ടയായി യോഗം കൂടുന്ന സംഘങ്ങള്‍ വരവുചെലവ് കണക്കുകള്‍ ശാഖയെ അറിയിക്കുകയും നീക്കിയിരിപ്പ് തുക ബാങ്കുകളിലോ സഹകരണസംഘങ്ങളിലോ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് പതിവ്. വളരെ പ്രഫഷനലായി ഇടപാട് നടത്തുന്ന സംഘങ്ങളില്‍ പലര്‍ക്കും ലക്ഷങ്ങളുടെ നീക്കിയിരിപ്പാണ് ബാങ്കുകളിലുള്ളത്. ഇവരുടെ ട്രാക് റെക്കോഡിന്‍െറ അടിസ്ഥാനത്തില്‍ കാര്യമായ ഡോക്യുമെന്‍േറഷന്‍പോലുമില്ലാതെ പൊതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയാറാണ്.
എന്നാല്‍, സ്വാശ്രയസംഘങ്ങളെ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് അകറ്റിനിര്‍ത്താനാണ് എല്ലാ കാലത്തും എസ്.എന്‍.ഡി.പി യോഗനേതൃത്വം ശ്രമിച്ചുപോന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്ന സമുദായ അംഗങ്ങള്‍ ബാങ്കിനെ നേരിട്ടുസമീപിച്ചാല്‍ കബളിപ്പിക്കപ്പെടുമെന്ന് പറഞ്ഞുപരത്തിയാണ് അവരെ ചൊല്‍പ്പടിയിലാക്കുന്നത്.
ഓരോ സംഘങ്ങളും പ്രാദേശികമായി ബാങ്കുകളെ നേരിട്ട് സമീപിച്ചാല്‍ വായ്പകള്‍ക്ക് വന്‍തുക പലിശയായി നല്‍കേണ്ടിവരുമെന്ന് പറഞ്ഞ് വിരട്ടല്‍ തുടരും. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് വായ്പ തരപ്പെടുത്തി വിതരണം ചെയ്താല്‍ തുച്ഛമായ പലിശനിരക്കില്‍ കാര്യം സാധിക്കാമെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്നും പറഞ്ഞ് യൂനിയന്‍ നേതാക്കളും പ്രലോഭനം തുടരും. ഈ സാഹചര്യത്തിലാണ് എസ്.എന്‍.ഡി.പി മുഖേനയുള്ള വായ്പകള്‍ക്കായി സംഘങ്ങള്‍ അപേക്ഷിക്കുന്നത്. അതിന്  പ്രപ്പോസല്‍ തയാറാക്കി നല്‍കുന്നതാണ് ആദ്യ കടമ്പ.
അച്ചാര്‍ നിര്‍മാണ യൂനിറ്റ്, കോഴികൃഷി, ആടുവളര്‍ത്തല്‍, വ്യവസായിക അടിസ്ഥാനത്തില്‍ കൂണ്‍വളര്‍ത്തല്‍ എന്നിവക്കൊക്കെയാണ് സാധാരണയായി പ്രപ്പോസല്‍ സമര്‍പ്പിക്കാറുള്ളത്. മിക്ക സംഘങ്ങളും പ്രോജക്ട് കാര്യക്ഷമമായി നടപ്പാക്കും. ചിലര്‍ വാഴ, തെങ്ങ്, മരച്ചീനി കൃഷി എന്നീ പേരുകളില്‍ വായ്പ തരപ്പെടുത്തുകയും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ചില്ലറായി വീതം വെച്ചെടുക്കുകയും ചെയ്യും. പക്ഷേ, കൂട്ടുത്തരവാദിത്തമുള്ളതിനാല്‍ കൃത്യമായി തിരിച്ചടവുണ്ടാകും. ഈ തിരിച്ചറിവിലാണ് വെള്ളാപ്പള്ളിയും സംഘവും തങ്ങളുടെ ‘മാര്‍ക്കറ്റ് ‘ കണ്ടത്തെുന്നത്.


പത്തനംതിട്ടയില്‍ കണക്ക് കുരുക്കായി...
പത്തനംതിട്ട യൂനിയന്‍ 2007 മുതല്‍ 2011 വരെ സമര്‍പ്പിച്ച വാര്‍ഷിക പൊതുയോഗ കണക്കാണ് അവര്‍ക്കുതന്നെ തിരിച്ചടിയായത്. വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളില്‍നിന്നും പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്നും മൈക്രോഫിനാന്‍സ് വിതരണത്തിന് അനുവദിച്ച അഞ്ചുകോടി രൂപയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു പിന്നില്‍ യൂനിയന്‍ പ്രസിഡന്‍റും കെപ്കോ ചെയര്‍മാനുമായ കെ. പത്മകുമാര്‍, സെക്രട്ടറി സി.എന്‍. വിക്രമന്‍ എന്നിവരാണെന്ന് യൂനിയന്‍ കമ്മിറ്റി അംഗം പി.വി. രണേഷ് ‘മാധ്യമ’ ത്തോട് പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പത്തനംതിട്ട സി.ഐ ഓഫിസില്‍ പരാതി നല്‍കിയത്. പല സ്വാശ്രയസംഘങ്ങളുടെയും പേരില്‍ യൂനിയന്‍കാര്‍ വായ്പകള്‍ തരപ്പെടുത്തി. എന്നാല്‍, മിക്ക സംഘങ്ങള്‍ക്കും വായ്പ ലഭിച്ചില്ല. വായ്പ ലഭിച്ചവരില്‍നിന്നാകട്ടെ 18 മുതല്‍ 21 ശതമാനം വരെ പലിശ ഈടാക്കി. തിരിച്ചടവിന് 36 മാസത്തെ കാലാവധിയാണ് ബാങ്കുകള്‍ അനുവദിച്ചത്. എന്നാല്‍, ഗുണഭോക്താക്കളോട് 24 മാസംകൊണ്ട് തിരിച്ചടക്കാന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. അങ്ങനെവരുമ്പോള്‍ തിരിച്ചടവ് തുക (ഇ.എം.ഐ) കൂടും. അധികംവരുന്ന തുക മറ്റു പല അക്കൗണ്ടുകളിലേക്കും വകമാറ്റിയിട്ടുണ്ട്. ചില അംഗങ്ങള്‍ യൂനിയന്‍ ഓഫിസില്‍ അടച്ച തുകയില്‍ ഒരു രൂപപോലും ബാങ്കിലത്തെിയിട്ടില്ല. ഒരു വീട്ടമ്മ എടുത്ത വായ്പ മൂന്നുമാസത്തിനുള്ളില്‍ മുഴുവനായും തിരിച്ചടച്ചു. പണം തിരിച്ചടച്ചതിന് അവര്‍ക്ക് രസീതും കിട്ടി. പക്ഷേ, ബാങ്കില്‍ നിന്ന് കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ അവര്‍ അടച്ച പണം എവിടേക്കാണ് പോയത്? 2011 മുതല്‍ 2013 വരെ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പൊലീസിനു നല്‍കിയ മൊഴിയിലുണ്ട് -രണേഷ് പറഞ്ഞു.

നാളെ: മുതലാളിയുടെ വായ്പക്ക് പലിശ വെറും ഒരുരൂപ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.