ഹാരിസൺ ഭൂമി കൈവശം വെക്കുന്നത് നിയമവിരുദ്ധം

കൊച്ചി: വിദേശ കമ്പനിയായ ഹാരിസൺ മലയാളം കമ്പനി അനുമതിയില്ലാതെ ഇന്ത്യയിൽ ഭൂമി കൈവശംവെച്ച് കച്ചവടം നടത്തുന്നത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമെന്ന് ഹൈകോടതി. വിദേശ നാണയ നിയന്ത്രണ നിയമം (ഫെറ), കേരള ഭൂപരിഷ്കരണ നിയമം എന്നിവ അനുസരിച്ച് കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് സാധുതയില്ലെന്നും ജസ്റ്റിസ് പി.വി. ആശ നിരീക്ഷിച്ചു. ഒട്ടേറെ നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഹരജികൾ ഡിവിഷൻബെഞ്ചിെൻറ പരിഗണനക്ക് വിട്ടു.

നാല് ജില്ലകളിലായി കൈവശമുള്ള 29,150 ഏക്കർ ഭൂമി ഏറ്റെടുത്ത സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിെൻറ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസൺ മലയാളവും ഇവരിൽനിന്ന് ഭൂമി വാങ്ങിയശേഷം നടപടി നേരിടുന്ന ഗോസ്പൽ ഫോർ ഏഷ്യ ഉൾപ്പെടെ മറ്റ് ചിലരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

വ്യാജരേഖകളാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷൽ ഓഫിസർ തീരുമാനമെടുത്ത നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈക്കലാക്കിയതെന്ന് ഉറപ്പായതിനാലാണ് ഹാരിസൺ മലയാളം കമ്പനിയുടെ ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫിസർ നടപടി ആരംഭിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് റിസർവ് ബാങ്കിെൻറ അനുമതിയില്ലാതെയാണ്. അതിനാൽ, വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെറ) കമ്പനി ലംഘിച്ചതായി സർക്കാർ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് കമ്പനിയായിരുന്നെങ്കിലും ഫെറ നിയമം നിലവിൽ വന്ന ശേഷം ഇന്ത്യൻ കമ്പനിയായെന്നും 1979ലെ ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ആസ്തികൾ ഈ കമ്പനിയിലേക്ക് മാറ്റിയെന്നുമായിരുന്നു കമ്പനിയുടെ വാദം.

മലയാളം പ്ലാേൻറഷൻ ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണെന്ന് കോടതി നിരീക്ഷിച്ചു. 1947ലെ ഫെറ നിയമത്തിലെ വകുപ്പ് 18, 18 എ, 1973ലെ ഫെറ നിയമത്തിലെ 28, 30, 31 വകുപ്പുകൾ എന്നിവ പരിഗണിച്ചാൽ റിസർവ് ബാങ്കിെൻറ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ ഭൂമി കൈവശം വെക്കാനും ബിസിനസ് നടത്താനും തുടരാനും വിദേശ കമ്പനിക്ക് പ്രഥമദൃഷ്ട്യാ അവകാശമില്ല.

കേരള ഭൂ പരിഷ്കരണ നിയമത്തിലെ  ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ്. എന്നാൽ, ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന 1964ന് മുമ്പ് ഇംഗ്ലണ്ടിലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഇന്ത്യൻ കമ്പനി ആക്ടിൽ വ്യക്തി (പേഴ്സൺ) എന്ന് നിർവചിച്ച കമ്പനി എന്ന നിർവചനത്തിെൻറ പരിധിയിൽ ഹരജിക്കാരുടെ കമ്പനി വരുന്നില്ല. അതിനാൽ, വിദേശ കമ്പനിയെ ഇന്ത്യൻ കമ്പനി ആക്ടിെൻറയും ഭൂപരിഷ്കരണ നിയമത്തിെൻറയും അടിസ്ഥാനത്തിലുള്ള കുടിയാൻ, പാട്ടക്കാരൻ എന്ന നിലകളിൽ കാണാനാവില്ല. ഭൂരഹിതരായ കർഷകർക്ക് അനുവദിക്കുന്ന ഇളവുകൾ വിദേശിക്ക് അനുവദിക്കാനാവുമോ എന്നകാര്യം നിയമനിർമാതാക്കൾ പരിഗണിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ഇക്കാര്യം കൂടുതൽ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അതേസമയം, ഭൂമിയിലുള്ള അവകാശം ഉറപ്പിക്കാൻ ഹരജിക്കാർക്കോ സർക്കാറിനോ സിവിൽ കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജികൾ ഡിവിഷൻബെഞ്ചിെൻറ പരിഗണനക്ക് വിട്ട് ഉത്തരവിടുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.