യു.ഡി.എഫ് യോഗം ഇന്ന്; തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യും

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ബുധനാഴ്ച ചേരും. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിലാണ് യോഗം. കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെച്ചശേഷം ചേരുന്ന യോഗം കൂടിയാണിത്. യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് മാണിഗ്രൂപ് അറിയിച്ചു.

തദ്ദേശതെരഞ്ഞെടുപ്പുപരാജയത്തിെൻറ ഉത്തരവാദിത്തം ഘടകകക്ഷികളിൽ ചിലർ കോൺഗ്രസിനുമേൽ കെട്ടിവെക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് യോഗം ചേരുന്നത്. പരാജയത്തിെൻറ മുഖ്യകാരണം മുന്നണിയിലെ ഐക്യമില്ലായ്മയാണെന്ന വിലയിരുത്തലാണ് മിക്ക പാർട്ടികൾക്കുമുള്ളത്. കോൺഗ്രസിലെ പ്രശ്നങ്ങളും അവർ നടത്തിയ കാലുവാരലും പരാജയകാരണമായി ചൂണ്ടിക്കാട്ടുന്ന പാർട്ടികളുമുണ്ട്. യോഗത്തിൽ ഈ ദിശക്കുള്ള ചർച്ചകൾ ഉണ്ടായേക്കും.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആഭ്യന്തരപ്രതിസന്ധി അഭിമുഖീകരിക്കുന്ന ആർ.എസ്.പിയും ജെ.ഡി.യുവും മുന്നണിയോഗത്തിൽ കാര്യങ്ങൾ തുറന്നുപറയാൻ തയാറായേക്കും. മലപ്പുറം ജില്ലയിലെ പ്രശ്നങ്ങളിൽ ലീഗിനും അതൃപ്തിയുണ്ട്. വെള്ളാപ്പള്ളി–ബി.ജെ.പി ബന്ധത്തെ എതിർക്കുന്നതിലും ബീഫ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടെന്ന വിമർശവും അവർ പ്രകടിപ്പിച്ചേക്കും.

കെ.എം. മാണിയുടെ സാന്നിധ്യവും നിലപാടുകളും ഏറെ ശ്രദ്ധേയമാകും. ബാർ കോഴക്കേസിൽ ആവശ്യമായ പിന്തുണ മുന്നണിയിൽനിന്ന് ലഭിച്ചില്ലെന്ന പരാതി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് തുറന്നടിക്കാനും തയാറായി. ബാർ കോഴക്കേസിൽ ഇരട്ടനീതിയെന്ന ആരോപണം മാണിഗ്രൂപ് ആവർത്തിക്കുന്നുണ്ട്.

 ഈ സാഹചര്യത്തിൽ മുന്നണിയോഗത്തിൽ മാണി ഗ്രൂപ് എങ്ങനെ പ്രതികരിക്കുമെന്നത് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്. ബാർകോഴയിൽ മാണിയെ വീഴ്ത്തിയ ബാറുടമ ബിജു രമേശിെൻറ തലസ്ഥാനത്തെ കെട്ടിടം പൊളിക്കാനുള്ള നീക്കം റവന്യൂവകുപ്പ് തടയുന്നെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി ഗൂഢാലോചനയിലേക്ക് മാണിപക്ഷം വിരൽചൂണ്ടിയിട്ടുമുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.