കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ കേരളത്തില്‍ കടുത്ത പോരാട്ടം. സംസ്ഥാനത്ത് കോടികളുടെ ആസ്തിയുള്ള ഹിന്ദി പ്രചാരസഭയുടെ കേന്ദ്രസമിതിയിലേക്ക് ഈ മാസം 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് മൂന്ന് പാനലാണ് മത്സരരംഗത്തുള്ളത്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങളായ സീമാന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ മത്സരാര്‍ഥികള്‍ സമവായത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ മാത്രമാണ് വാശിയേറിയ മത്സരമുള്ളത്. അതേസമയം, ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് കോടതി ഇടപെട്ട ഹിന്ദി പ്രചാരസഭയുടെ സംസ്ഥാനഘടകത്തിലെ തെരഞ്ഞെടുപ്പിന് ഇതുവരെ നിയമസാധുത ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കേന്ദ്രഘടകത്തിലേക്ക് ആര് തെരഞ്ഞെടുക്കപ്പെടുമെന്നത് സംസ്ഥാനഘടകത്തിനും നിര്‍ണായകമാണ്. സംസ്ഥാനത്ത് പ്രചാരസഭയില്‍ അംഗങ്ങളായ 9000ഓളം പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളത്. ഇവര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വഴിയാണ് വോട്ട് രേഖപ്പെടുത്തുക. ബാലറ്റുകള്‍ 28 വരെ സ്വീകരിക്കും. 29ന് ആസ്ഥാനമായ ചെന്നൈയിലാണ് വോട്ടെണ്ണല്‍.
20 ആജീവനാന്ത അംഗങ്ങള്‍, 10 സാധാരണ അംഗങ്ങള്‍, അഞ്ച് പ്രചാരകാംഗങ്ങള്‍, രണ്ട് ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിങ്ങനെ 37 സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ്. വ്യവസായിയും ഹിന്ദി പ്രചാരസഭ മുന്‍ ഭാരവാഹിയുമായ ഇ.എസ്. ജോസ് നയിക്കുന്ന പാനലും രാജേന്ദ്രപ്രസാദ് നേതൃത്വം നല്‍കുന്ന പാനലുകളുമാണ് ഇത്തവണ മത്സരരംഗത്തെ പ്രധാന എതിരാളികള്‍. കഴിഞ്ഞ തവണ സംസ്ഥാനഘടകത്തിലേക്ക് എറണാകുളത്തുനിന്ന് സി.പി.എമ്മിലെ വി.എസ്-ഒൗദ്യോഗിക പക്ഷങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നു. എന്നാല്‍, ഇത്തവണ സി.പി.എം നേതാക്കളാരും കേന്ദ്രസമിതിയിലേക്ക് മത്സരിക്കുന്നില്ല. കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ. കെ.പി. ഹരിദാസാണ് നിലവില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രസമിതിയുടെ വൈസ് പ്രസിഡന്‍റ്.
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കേന്ദ്രസമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളഘടകത്തിന് ജില്ലകള്‍ തോറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം കോടിക്കണക്കിന് രൂപയുടെ ആസ്തിയാണുള്ളത്. 20 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ കേരളത്തില്‍ ഹിന്ദി പ്രചാരസഭക്കുണ്ട്. പ്രചാരസഭയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപത്തെ തുടര്‍ന്ന് നേരത്തേ സി.ബി.ഐ കൊച്ചി യൂനിറ്റ് പരിശോധന നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിന് രാഷ്ട്രപിതാവ് ഗാന്ധിജി തുടക്കംകുറിച്ച പ്രസ്ഥാനമാണ് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ. ജസ്റ്റിസ് ഡോ. വി.എസ്. മളീമഠാണ് നിലവിലെ അധ്യക്ഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.