ഓപറേഷൻ ബിഗ്‌ ഡാഡിയിൽ കുരുങ്ങിയത് വൻ സെക്സ് റാക്കറ്റ്

കൊച്ചി: വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി  പട പൊരുതിയ മിശിഹ ആയിരുന്നു മാധ്യമങ്ങൾക്ക് ഇന്നലെ വരെ  രാഹുൽപശുപാലൻ . പശുപാലന്റെ ഭാര്യ രശ്മി ആർ നായർ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകവും.! ചുംബന സമരത്തിലൂടെ കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് വെളിയിലും പ്രശസ്തി നേടിയ ദമ്പതികൾ ... ചാനലുകളിലും സോഷ്യൽ മീഡിയയിലും താരങ്ങളായ ഇവർ നടത്തി വന്ന പെണ്‍വാണിഭം കയ്യോടെ പിടി കൂടിയത് ക്രൈംബ്രാഞ്ച് ഐ ജി  എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലിസ് നടത്തിയ സമർഥമായ നീക്കങ്ങളാണ്.

കൊച്ചു സുന്ദരികൾ എന്ന പേരിൽ തുടങ്ങിയ ഫേസ്ബുക്ക് പേജിനെ കുറിച്ചുള്ള അന്വേഷണമാണ് കേരളത്തിലും ബംഗളുരുവിലും വേരുള്ള ഓണ്‍ലൈൻ പെണ്‍ വാണിഭ സംഘത്തെ കുറിച്ചു സൂചന നൽകിയത് . പൊലിസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് ഇടക്കാലത്ത് അത് നിർത്തി വെച്ചെങ്കിലും ഈയിടെ വീണ്ടും തുടങ്ങി. ചൈൽഡ് പോർണോഗ്രാഫി പ്രോത്സാഹിപ്പിക്കുന്ന വെബ്‌ സൈറ്റ് ആയിരുന്നു അത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റ് ആയ ലൊകാന്റോയിൽ കൊച്ചിയിൽ നിന്ന് പരസ്യങ്ങൾ വരുന്നത് പൊലിസിന്റെ ശ്രദ്ധയിൽ പെട്ടു . കൊച്ചിക്ക്‌ വേണ്ടി പ്രത്യേക പേജ് ഈ സൈറ്റിൽ തുടങ്ങിയിരുന്നു.. ഇന്റർനെറ്റിന്റെ മറവിലെ പരസ്യമായ മാംസകച്ചവടമായിരുന്നു അത്. ചെറിയ പെണ്‍കുട്ടികൾ മുതൽ ഏതു

പ്രായക്കാരെ വേണമെങ്കിലും ലഭിക്കുമെന്ന പരസ്യം ടെലഫോണ്‍ നമ്പർ  സഹിതം സൈറ്റിൽ വന്നപ്പോൾ ആവശ്യക്കാർ കൂടി. പരസ്യങ്ങൾ പല രൂപത്തിൽ വന്നു. ഈ നമ്പറുകളെ  ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് യു എ ഇ യിൽ ജോലിയുള്ള മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മറിനെ കുറിച്ച് സൂചന ലഭിച്ചത്. പ്രധാന സൂത്രധാരൻ കാസർകോഡ് സ്വദേശി അബ്ദുൽഖാദർ അഫ്സൽ എന്ന അക്ബർ ആണെന്നും ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ നീക്കങ്ങളിലാണ്‌ ഓണ്‍ ലൈൻ സെക്സ് റാക്കറ്റ് വലയിലായത്.  .. ബിസിനസ്സുകാരായി  ചമഞ്ഞ്  ക്രൈംബ്രാഞ്ച് പോലീസുകാർ അക്ബറിനോട് പെണ്ണിനെ ആവശ്യപ്പെട്ടു .പശുപാലന്റെ ഭാര്യ രശ്മിയുടെ ചിത്രമാണ്  അയാൾ അയച്ചു കൊടുത്തത്‌ . 50000 രൂപയിൽ കച്ചവടം  ഉറപ്പിച്ചു. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ എത്താൻ അക്ബർ ആവശ്യപ്പെട്ടു.
രശ്മി മാത്രം പോരെന്നും  കൊച്ചുകുട്ടികളെയും വേണമെന്നും  പറഞ്ഞപ്പോൾ എത്തിക്കാമെന്നു അക്ബർ ഏറ്റു . അങ്ങിനെ മൂന്നു കുട്ടികളടക്കം അഞ്ചു പേരെ ഉറപ്പിച്ചു. അതിൽ ഒരാളെ ബംഗളുരുവിൽ നിന്ന് വിമാന മാർഗം നെടുമ്പാശ്ശേരിയിൽ എത്തിച്ചു. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ കാത്തു നിന്ന പൊലിസ് ആദ്യം അക്ബറി നെയാണ് അറസ്റ്റ് ചെയ്തത്.  ഭാര്യ രശ്മിയെയും കൊണ്ട് രാഹുൽ പശുപാലനാണ്ഹോട്ടലിൽ എത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. ആറു വയസ്സുള്ള മകൻ ഇവരോടൊപ്പം കാറിൽ ഉണ്ടായിരുന്നു. മകൻ ഇപ്പോൾ പൊലിസ് സംരക്ഷണത്തിലാണ്. രശ്മിയെ കൂടാതെ രണ്ടു പെണ്‍കുട്ടികളെ പിടി കൂടി. എന്നാൽ അറസ്റ്റ് നടക്കുമ്പോൾ കാറിൽ വന്ന മുബീന, വന്ദന എന്നിവർ രക്ഷപ്പെട്ടു. ഇവരുടെ കാർ തടയാൻ പോലീസ് ശ്രമിച്ചപ്പോൾ നിർത്താതെ രക്ഷപ്പെട്ടു. അക്ബറിന്റെ സുഹൃത്ത്‌ ആഷിഖിന്റെ ഭാര്യയാണ് മുബീന.

അക്ബറിന്റെ ഫോണ്‍ പരിശോധിച്ച പൊലിസിനു ഓണ്‍ലൈൻ പെണ്‍വാണിഭത്തിന്റെ ഉള്ളുകള്ളികളെ കുറിച്ചും രശ്മിയുടെ ഇടപാടുകളെ പറ്റിയും  വിവരങ്ങൾ ലഭിച്ചു. സ്വയം നടത്തുന്ന വ്യഭിചാരത്തിന് പുറമേ സ്ത്രീകളെ സപ്ലൈ ചെയ്യുന്ന തൊഴിലും രശ്മിക്ക്‌ ഉണ്ടായിരുന്നതായാണ് വിവരം. ഭാര്യ അവളുടെ ഇഷ്ട പ്രകാരമാണ് പോകുന്നതെന്നും  മറ്റു ഇടപാടുകൾ അറിയില്ലെന്നുമാണ് രാഹുൽ പശുപാലൻ പൊലീസിനോട് പറഞ്ഞത്. ഞങ്ങൾക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. നിങ്ങൾക്ക് അത് മനസ്സിലാവില്ല.. എന്നാണ് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനോട് പശുപാലൻ പ്രതികരിച്ചത്. ഓപറേഷൻ ബിഗ്‌ ഡാഡി എന്ന പേരിൽ പൊലിസ് നടത്തിയ റെയിഡിൽ അറസ്റ്റിലായത് 12 പേരാണ്. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലിസ് . രണ്ടു കേസുകളാണ് പ്രതികൾക്ക് എതിരെ ചാർജ് ചെയ്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.