സി.പി.എമ്മിലെ അജിത ജയരാജന്‍ തൃശൂര്‍ മേയര്‍

തൃശൂര്‍: സി.പി.എമ്മിലെ അജിത ജയരാജന്‍ തൃശൂര്‍ കോര്‍പറേഷന്‍െറ പുതിയ മേയര്‍. അജിതക്ക് 26 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മകളുമായ സി.ബി. ഗീതക്ക് 23 വോട്ടും കിട്ടി. ആറ് അംഗങ്ങളുള്ള ബി.ജെ.പി അവസാന റൗണ്ട് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 55 അംഗ കൗണ്‍സിലില്‍ കേവല ഭൂരിപക്ഷത്തിന് 28 പേര്‍ വേണം. മുന്നണി സ്വതന്ത്രര്‍ ഉള്‍പ്പെടെ 25 പേരുടേയും ഒരു സ്വതന്ത്രന്‍േറയും വോട്ടാണ് അജിതക്ക് കിട്ടിയത്. ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് കഴിഞ്ഞദിവസം വരെ പ്രചരിപ്പിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് വിമതരായ കുട്ടി റാഫിയേയും ജേക്കബ് പുലിക്കോട്ടിലിനേയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ചൊവ്വാഴ്ച അര്‍ധരാത്രി ഡി.സി.സി തീരുമാനിച്ചിരുന്നു.

ഇതോടെ അവരിരുവരും മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്രന്‍ പി. സുകുമാരനാണ് ഇടത് സ്ഥാനാര്‍ഥിയെ പിന്തുണച്ചത്. ആദ്യ റൗണ്ടില്‍ ആറ് വോട്ട് നേടി ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി എം.എസ്. സമ്പൂര്‍ണ പുറത്തായി. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ വിട്ടുനിന്നു. അതോടെ എല്‍.ഡി.എഫിന് 26, യു.ഡി.എഫിന് 23 എന്ന ക്രമത്തില്‍ വോട്ട് കിട്ടി.

ഇടതുമുന്നണിയുമായുള്ള വിലപേശല്‍ ഫലിക്കാതെ പോയതാണ് കോണ്‍ഗ്രസ് വിമതരുടെ നിലപാട് മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. മകളെ മേയറാക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ബി.ജെ.പിയുടെ പിന്തുണക്ക് ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് രണ്ടാം തവണയാണ് ഇടതുമുന്നണിക്ക് തൃശൂര്‍ കോര്‍പറേഷന്‍ ഭരണം ലഭിക്കുന്നത്. 2005ല്‍ കെ. കരുണാകരന്‍െറ ഡി.ഐ.സിയുടെ പിന്തുണയോടെ എല്‍.ഡി.എഫ് മൃഗീയ ഭൂരിപക്ഷം നേടിയാണ് ഭരണത്തില്‍ എത്തിയിരുന്നത്. ഇത്തവണ ഭൂരിപക്ഷമില്ലാത്ത ഭരണമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.