പരപ്പനങ്ങാടി യു.ഡി.എഫിന്, പന്തളം എൽ.ഡി.എഫിന്

പരപ്പനങ്ങാടി: ഇരു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രന്‍റെ പിന്തുണയോടെ ഭരണം യു.ഡി.എഫിന്. നാലംഗങ്ങളുള്ള ബി.ജെ.പി സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിച്ചതാണ് യു.ഡി.എഫിനെ തുണച്ചത്. മുസ്ലിം ലീഗിലെ വി.വി ജമീല ടീച്ചർ നഗരസഭാധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. യു.ഡി.എഫിന് 21 സീറ്റും ജനകീയ മുന്നണിക്ക് 19 സീറ്റും ബി.ജെ.പിക്ക് നാല് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമാണ് ലഭിച്ചത്. 45 അംഗ ഭരണ സമിതിയിൽ സ്വതന്ത്രന്‍റെ പിന്തുണയോടെ യു.ഡി.എഫിന് 22 സീറ്റ് ലഭിച്ചു.

പന്തളം നഗരസഭ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന നഗരസഭയിൽ 15 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിലെ വി.കെ.സതി ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. 33 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫിന് 15ഉം യു.ഡി.എഫിന് 11ഉം ബി.ജെ.പിക്ക് ഏഴും സീറ്റുകളാണ് ലഭിച്ചത്. മൂന്നു മുന്നണികളും ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആദ്യഘട്ടത്തിൽ മത്സരിച്ചിരുന്നുവെങ്കിലും രണ്ടാംഘട്ടത്തിൽ ബി.ജെ.പി പിന്മാറിയതാണ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് കളമൊരുങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.