അട്ടപ്പാടി പാക്കേജ് സർക്കാർ തീരുമാനത്തിന്‍റെ ഫയൽ അപ്രത്യക്ഷമായി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിമാറ്റാൻ ‘സീറോ ഹംഗർ ഇൻ ട്രൈബൽ ഹാബിറ്റാറ്റ്സ്’ പദ്ധതി നടപ്പാക്കുന്നത് അടക്കമുള്ള തീരുമാനമെടുത്ത ഫയലുകൾ പട്ടികജാതി പട്ടികവർഗ വകുപ്പിൽനിന്ന് അപ്രത്യക്ഷമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആഗസ്റ്റിൽ നടന്ന യോഗത്തിൽ മന്ത്രി പി.കെ. ജയലക്ഷ്മി, എൻ. ഷംസുദീൻ എം.എൽ.എ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.കെ.എം. ചന്ദ്രശേഖർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു. അട്ടപ്പാടിയിലെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും മൂന്നുമാസത്തിനകം ഭൂമി നൽകാൻ ഈ യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശം നൽകി. കേരളപ്പിറവി ദിനത്തിൽ ഭൂമി വിതരണം ചെയ്യാൻ കഴിയുന്നതരത്തിൽ നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഭൂരഹിതരിൽനിന്ന് അടിയന്തരമായി അപേക്ഷ ക്ഷണിക്കാനും നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ അധികം ജീവനക്കാരെ അനുവദിക്കാമെന്നും യോഗത്തിൽ തീരുമാനിച്ചു. ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട വനഭൂമിയിൽ സംയുക്ത പരിശോധന പൂർത്തിയാക്കിയ 2700 ഏക്കർ ഭൂമി വിതരണത്തിന് സജ്ജമാണെന്ന് ഒറ്റപ്പാലം സബ് കലക്ടർ യോഗത്തെ അറിയിച്ചിരുന്നു. ആദിവാസികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഗോതമ്പിന് പകരം റാഗി സ്ഥിരമായി വിതരണം ചെയ്യുന്നതിനുള്ള സാധ്യത ആരായാനും യോഗം തീരുമാനിച്ചിരുന്നു. അട്ടപ്പാടിയിൽ പ്ലസ് വണിന് പ്രവേശം ലഭിക്കാത്ത എല്ലാ ആദിവാസി കുട്ടികൾക്കും പ്രത്യേക സർക്കാർ ഉത്തരവിലൂടെ പ്രവേശം നൽകും. പഠനസൗകര്യം ലഭിക്കാതെ ഒരു കുട്ടിയും ബുദ്ധിമുട്ടരുതെന്നും നിർദേശം നൽകി. ഇത്രയും സുപ്രധാനമായ തീരുമാനമെടുത്ത യോഗത്തിെൻറ മിനുട്സ് വിവരാവകാശമനുസരിച്ച് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് അപേക്ഷ പട്ടികജാതി–വർഗ വകുപ്പിന് കൈമാറി. എന്നാൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ ഫയലിൽ മിനുട്സ് ലഭ്യമല്ലെന്നാണ് വകുപ്പ് നൽകിയ മറുപടി. യോഗത്തിെൻറ മിനുട്സ് ഇപ്പോൾ വകുപ്പിലെ ഫയലിൽ കാണാനില്ലെന്നാണ് അണ്ടർ സെക്രട്ടറി എം. രാജേഷ്കുമാറിെൻറ വിശദീകരണം.

അതേസമയം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്മെൻറും എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും ചേർന്ന് അട്ടപ്പാടിക്കായി തയാറാക്കിയ ‘സീറോ ഹംഗർ ഇൻ ട്രൈബൽ ഹാബിറ്റാറ്റ്സ്’ എന്ന പദ്ധതി റിപ്പോർട്ടും നൽകിയിരുന്നുവെന്ന് വകുപ്പ് അംഗീകരിച്ചു.  ഇതാകട്ടെ സർക്കാർ ആവശ്യപ്പെട്ട പ്രകാരമല്ല അവർ  സമർപ്പിച്ചത്. അതിനാൽ സർക്കാർ റിപ്പോർട്ട് ഇതുവരെ പരിഗണിച്ചില്ലെന്നാണ് വകുപ്പിെൻറ മറുപടി. എന്നാൽ, യോഗത്തിൽ ഫൗണ്ടേഷെൻറ പദ്ധതി സബ് കമ്മിറ്റിക്ക് വിടാനാണ് നിർദേശിച്ചത്. അതിനായി പട്ടികവർഗ ക്ഷേമം, ധനകാര്യം, പ്ലാനിങ്, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിമാർ, ഒറ്റപ്പാലം സബ്കലക്ടർ എന്നിവർ അംഗങ്ങളായ ഉപസമിതി 15 ദിവസത്തിനകം രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.