മനുഷ്യക്കടത്തിന് ഇരയായ ബംഗ്ലാദേശി പെൺകുട്ടിയുടെ പുസ്​തക പ്രകാശനം ഇന്ന്

കോഴിക്കോട്: നിഴലിൽനിന്ന് നിറങ്ങളിലേക്ക് കുതിക്കാനാഗ്രഹിക്കുന്ന ബംഗ്ലാദേശി പെൺകുട്ടി രചിച്ച പുസ്തകത്തിെൻറ പ്രകാശനവും വരച്ച 18 ചിത്രങ്ങളുടെ പ്രദർശനവും ശനിയാഴ്ച ടൗൺഹാളിലും ആർട്ട് ഗാലറിയിലുമായി നടക്കും. 18 കവിതകളും ഒരു കഥയുമടങ്ങുന്ന ‘ഞാൻ എന്ന മുറിവ്’ എന്ന പുസ്തകം ടൗൺഹാളിൽ രാവിലെ 11ന് ഡോ. എം.എൻ. കാരശ്ശേരി കെ. അജിതക്ക് നൽകി പ്രകാശനം ചെയ്യും. വേട്ടയാടപ്പെട്ട പെണ്ണിെൻറ ജീവിതവും അതിെൻറ വേദനകളും ഒറ്റപ്പെടലും ഞാൻ എന്ന മുറിവിൽ കാണാം. ചോരചിന്തുന്ന ആ മുറിവിെൻറ വേദന എക്കാലവും അവളെ വേട്ടയാടും. ശരീരവും മുഖവും നഷ്ടമായി നിഴൽമാത്രമായി ജീവിക്കാൻ വിധിക്കപ്പെട്ടവൾക്ക് സ്വന്തം അസ്ഥിത്വംപോലും പണയംവെക്കേണ്ടിവരുന്നു.

അവൾക്കുവേണ്ടത് സഹതാപമല്ല; ആയുധമാണ്. ജീവിതത്തോട് പോരാടാനുള്ള ആയുധം. ആരോചെയ്ത തെറ്റിന് ഇരയായി എന്നതാണ് കുറ്റം. ഒറ്റപ്പെടലാണ് അവളെ അലട്ടുന്നത്. ഭർത്താവിെൻറയും മക്കളുടെയും സ്നേഹത്തണലിലെത്താൻ വെമ്പുകയാണവൾ. എല്ലാ വിഷമത്തിനുമപ്പുറം പരമകാരുണ്യവാനായ ദൈവത്തിെൻറ ദയാവായ്പിൽ അവൾ വിശ്വസിക്കുന്നു.

തെൻറ മൂന്നുമക്കളെ പിരിയേണ്ടിവന്ന വിഷമം, ബംഗ്ലാദേശിനോടുള്ള ഇഷ്ടം, പ്രണയം, വാത്സല്യം, ഒറ്റപ്പെടൽ എന്നീ വികാരങ്ങളെല്ലാം ഉൾക്കൊള്ളുന്ന 18 കവിതകളും പ്രണയാർദ്രമായ ‘പനിനീർച്ചെടിയുടെ മുള്ള്’ എന്ന കഥയുമാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിൽ സ്വന്തംപേര് ഉപയോഗിക്കാനാകാത്തതിനാൽ നിഴൽ എന്നർഥമുള്ള ‘സായ’ എന്ന പേരാണ്. ആം ഓഫ് ജോയ് എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ബംഗ്ലാ ഭാഷയിലെഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് മാറ്റിയശേഷം മലയാളത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു.

പുസ്തകം വിറ്റുകിട്ടുന്ന പണം ബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ ഉന്നമനത്തിനും സായയുടെ ആവശ്യങ്ങൾക്കുംവേണ്ടി ഉപയോഗിക്കുമെന്ന് ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപ് പറഞ്ഞു. സായ വരച്ച 18 ചിത്രങ്ങളുടെ പ്രദർശനം ‘34 ഫീമെയിൽ ബംഗ്ലാദേശ്’ എന്നപേരിൽ ആർട്ട് ഗാലറിയിൽ ശനിയാഴ്ച തുടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.