പുത്തന്‍വേലിക്കര പെണ്‍വാണിഭം രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: പുത്തന്‍വേലിക്കര പെണ്‍വാണിഭക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന  പുത്തന്‍വേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച തിരുവനന്തപുരം വെഞ്ഞാറന്മൂട് മരുതമൂട് ഗീതാലയത്തില്‍ രാജീവ് (29), കീഴൂപ്പാടം കുഞ്ഞേലിപ്പറമ്പില്‍ ലിജിത്ത് (24) എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. വരന്ദരപ്പിള്ളി വെള്ളത്തേറവീട്ടില്‍ സിനോജ് (25), വരന്തരപ്പിള്ളി അച്ചങ്ങാട് വീട്ടില്‍ ദാസന്‍ എന്ന ശിവദാസ് (33), വരന്തരപ്പിള്ളി പേനപ്പറമ്പില്‍ അനില്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമം 376 (1) പ്രകാരം പീഡനക്കുറ്റത്തിനാണ് രാജീവിനെയും ലിജിത്തിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് 363ാം വകുപ്പ് പ്രകാരം ലിജിത്തിന് പത്തുവര്‍ഷവും രാജീവിന് ഏഴുവര്‍ഷവും കോടതി ശിക്ഷവിധിച്ചിട്ടുണ്ട്.  
പ്രതികള്‍ പിഴ അടക്കുകയാണെങ്കില്‍ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. എന്നാല്‍, പെണ്‍കുട്ടി അനുഭവിച്ച ദുരിതത്തിന് നഷ്ടപരിഹാരമായി ഇത് മതിയാകില്ളെന്ന് നിരീക്ഷിച്ച കോടതി കൂടുതല്‍ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് ഉത്തരവിന്‍െറ പകര്‍പ്പ് കൈമാറാനും നിര്‍ദേശിച്ചു.
2006 നവംബര്‍ 28നാണ് രാജീവ് പെണ്‍കുട്ടിയെ ലിജിത്തിന്‍െറ പുത്തന്‍വേലിക്കരയിലെ വീട്ടിലത്തെിച്ച് പീഡിപ്പിച്ചത്. ഭക്ഷണം വാങ്ങിനല്‍കാമെന്നും മറ്റും വിശ്വസിപ്പിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ നടത്തിയ ഇടപെടലിനത്തെുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ്് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ആറുവയസ്സുള്ള കുഞ്ഞിന്‍െറ അമ്മയാണ്.
ശിക്ഷാവിധിക്കുമുമ്പ് പ്രതികള്‍ കോടതിയോട് കനിവ് അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതികള്‍ ക്രൂരകൃത്യം നടത്തിയത് പെണ്‍കുട്ടിയോട് മാത്രമല്ല, സമൂഹത്തോട് ഒന്നടങ്കമാണ്. ഇതു പരിഗണിക്കുമ്പോള്‍ പ്രതികള്‍ കാരുണ്യത്തിന് അര്‍ഹരല്ളെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷവിധിച്ചത്. ഇതേ കേസില്‍ പുത്തന്‍വേലിക്കര കീഴൂപ്പാടം കുര്യപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസ് എന്ന പാഞ്ചിയെ 15 വര്‍ഷം കഠിനതടവിനും രാജീവിനെ 10 വര്‍ഷം കഠിനതടവിനും നേരത്തേ ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി. സന്ധ്യാറാണി ഹാജരായി. പുത്തന്‍വേലിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടക്കേക്കര സി.ഐമാരായിരുന്ന കെ.ബി. ജീവാനന്ദ്, സാജന്‍ കോയിക്കല്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.