ലീഗിന് വർഗീയവിരുദ്ധ സർട്ടിഫിക്കറ്റ്; പിണറായിക്ക് സി.പി.എമ്മിൽ ‘തിരുത്ത്’

തിരുവനന്തപുരം: മുസ്ലിം ലീഗിന് വർഗീയവിരുദ്ധ സർട്ടിഫിക്കറ്റ് നൽകിയ പിണറായി വിജയന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശം. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ‘ലീഗ് മതനിരപേക്ഷമാണോ അല്ലയോ എന്ന പ്രശ്നത്തിലേക്ക് പോകേണ്ട’ എന്ന പിണറായിയുടെ വിവാദ പരാമർശം ചർച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിെൻറ പ്രാഥമിക വിലയിരുത്തലിനിടെയായിരുന്നു ഇത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതു തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സി.പി.എമ്മിനെ പ്രതികൂലമായി ബാധിച്ചെന്ന് ജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ സംസ്ഥാന സമിതിയിൽ പറഞ്ഞു. പിന്നീട് തെൻറ പ്രസ്താവന പിണറായി വിശദീകരിച്ചെങ്കിലും മലപ്പുറം ജില്ലയിൽ അടക്കം അതു ദുർവ്യാഖ്യാനം ചെയ്തു. മതേതരത്വം എന്നത് കൃത്യമായി മറുപടി പറയേണ്ടതാണ്.

വർത്തമാനത്തിൽപോലും കൃത്യമായ നിലപാട് സ്വീകരിക്കണം. ലീഗ് സാമുദായിക പാർട്ടിയാണ്; മതേതര പാർട്ടിയല്ല. രാജ്യത്ത് ഉയർന്നുവരുന്ന തീവ്ര ഹിന്ദുത്വ ഭീഷണിയെ എതിർക്കുന്നതിന് എല്ലാത്തരം വർഗീയതയെയും എതിർക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും വാസുദേവൻ പറഞ്ഞു. തീവ്ര ഹിന്ദുത്വ ഭീഷണിക്കും വർഗീയതക്കുമെതിരായ തുടർപ്രചാരണം ആവശ്യമാണെന്നും സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. 1987ലേതുപോലെ മതേതര പാർട്ടികളുടെ മുന്നണിയാണ് വേണ്ടതെന്നും ചിലർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും അങ്ങോട്ടും ഇങ്ങോട്ടും വോട്ട് നൽകി സഹായിച്ചുവെന്നും സംസ്ഥാന സമിതിയിൽ വിവിധ ജില്ലകളിൽനിന്ന് റിപ്പോർട്ട് ചെയ്തു. എസ്.എൻ.ഡി.പി നേതൃത്വത്തിെൻറ നിലപാടും പ്രവർത്തനവും പാർട്ടിക്ക് വെല്ലുവിളിയായില്ല. അതേസമയം, ചില പ്രദേശങ്ങളിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിധേയത്വം പുലർത്തിയെന്നും വിമർശം ഉയർന്നു. അങ്ങനെയുള്ള പ്രദേശങ്ങളിൽ സി.പി.എമ്മിന് തിരിച്ചടി ഉണ്ടായി. എസ്.എൻ.ഡി.പി –ബി.ജെ.പി കൂട്ടുകെട്ടിനെ ശക്തമായി എതിർത്ത സ്ഥലങ്ങളിൽ നല്ലവണ്ണം മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിയോട് നേരിട്ട തിരിച്ചടിക്ക് കാരണം സി.പി.എമ്മിെൻറ സംഘടനാ ദൗർബല്യമാണെന്നും യോഗം വിലയിരുത്തി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.