കൈവെട്ട് കേസ്: ഒന്നാംപ്രതി നാസർ കീഴടങ്ങി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകൻ പ്രഫ. ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി നാസര്‍ കീഴടങ്ങി. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായ ഇയാൾ കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. കേസിനാസ്പദമായ സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കീഴടങ്ങുന്നത്. ഒളിവിലായ നാസർ വിദേശത്തേക്ക് കടന്നെന്ന ധാരണയിൽ പൊലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, താൻ വിദേശത്തേക്ക് പോയിട്ടില്ലെന്നും കേരളത്തില്‍ തന്നെയാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ തനിക്ക് പങ്കില്ല. കേസിലേക്ക് തന്നെ മന:പൂർവം വലിച്ചിഴക്കുകയായിരുന്നുവെന്നും നാസർ പറഞ്ഞു.

പ്രഫ. ജോസഫിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് നാസറാണെന്നാണ് എന്‍.ഐ.എയുടെ വാദം. പ്രതികൾ നാസറുമായി ഫോണിൽ സംസാരിച്ചതിന്‍റെ രേഖകളാണ് എൻ.ഐ.എ, കോടതിയിൽ ഹാജരാക്കിയിരുന്നത്. സംഭവസമയത്ത് പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹിയായിരുന്നു നാസർ. ഈ കേസിലെ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവിനും കോടതി ശിക്ഷിച്ചിരുന്നു.

ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലായ് നാലിനാണു പ്രതികള്‍ പ്രെഫ. ടി.ജെ. ജോസഫിനെ ആക്രമിച്ചത്. അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ എന്‍.ഐ.എ കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് ജഡ്‌ജി പി. ശശിധരൻ വിട്ടയച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.