കുടുംബശ്രീയിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

കൊല്ലം: കുടുംബശ്രീയിലെ അഴിമതി തുറന്നുകാട്ടി മുന്‍ മന്ത്രി ഡോ. തോമസ് ഐസക് എം.എല്‍.എ. മൈക്രോ സംരംഭ പദ്ധതികളുടെ ചുമതല വഹിക്കുന്ന പ്രോഗ്രാം ഓഫിസര്‍ക്കെതിരെ പരാതികള്‍ ഉയരുന്നതിനിടെയാണ് അഴിമതിക്കഥകള്‍ തന്‍െറ ബ്ളോഗിലൂടെ മുന്‍ മന്ത്രി നിരത്തുന്നത്. അഴിമതിയെക്കാള്‍ ഗുരുതരമാണ് കുടുംബശ്രീ മിഷനില്‍ വ്യാപിക്കുന്ന സ്ത്രീ വിരുദ്ധതയെന്നും അദ്ദേഹം പറയുന്നു. കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. സംസ്ഥാന-ജില്ലാ അടിസ്ഥാനത്തില്‍ മിഷന്‍െറ പ്രവര്‍ത്തനപരിപാടി, പ്രക്രിയ,  പ്രവര്‍ത്തനസ്വഭാവം, പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശൈലീസ്വഭാവം തുടങ്ങിയവയൊക്കെ പരിശോധനക്ക് വിധേയമാക്കണം.
 കേരളത്തിന്‍െറ അഭിമാനമായ സ്ത്രീ പ്രസ്ഥാനത്തെ അധമന്മാരുടെ കൈയില്‍നിന്ന് മോചിപ്പിച്ചേ തീരൂവെന്നും അദ്ദേഹം പറയുന്നു. ജില്ലാ മിഷനുകള്‍ മാത്രമല്ല, സംസ്ഥാന മിഷന്‍ പോലും ലീഗ്-കോണ്‍ഗ്രസ് ജീവനക്കാരെ നിറച്ചു. ഇവരില്‍ നല്ളൊരു പങ്കിനും അര്‍പ്പണബോധമോ സാമൂഹികപ്രതിബദ്ധതയോ സ്ത്രീസൗഹൃദ സമീപനമോ ഇല്ല. കുടുംബശ്രീ ആസ്ഥാന ഓഫിസിലെ ഒരു പ്രോഗ്രാം ഓഫിസറുടെ മുഖ്യചുമതല പണപ്പിരിവാണ്. കേന്ദ്രസര്‍ക്കാറില്‍നിന്ന് കിട്ടുന്ന ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ ഫണ്ടുകളും മറ്റും വകമാറ്റി ചെലവ് ചെയ്ത് ആഡംബരത്തില്‍ ആറാടുകയാണ് മിഷന്‍െറ നേതൃത്വത്തിലെ ഒരു വിഭാഗം.
     അഴിമതിക്ക് ചുക്കാന്‍പിടിക്കുന്നത് രണ്ടു ലീഗ് ഗവേണിങ് ബോഡി അംഗങ്ങളാണ്. ഇവര്‍ക്ക് തിരുവനന്തപുരത്ത് താമസത്തിനും ഭക്ഷണത്തിനുമെല്ലാമുളള ചെലവ് കുടുംബശ്രീ മിഷനില്‍നിന്നാണ് വഹിക്കുന്നത്. കുടുംബശ്രീ മിഷന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തീരുമാനിക്കുന്നത് ഗവേണിങ് ബോഡിയിലെ രണ്ടംഗങ്ങളാണ്. ഇതിലൂടെയാണ് കച്ചവടം ഉറപ്പിക്കലും കമീഷന്‍ തുക നിശ്ചയിക്കുന്നതും.
 സെമിനാറിന്‍െറ മറവിലും കുടുംബശ്രീയുടെ ചെലവിലും മന്ത്രി ഓഫിസിലെ ജീവനക്കാരും മിഷനിലെ ചില ഉദ്യോഗസ്ഥരും കോവളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു ദിവസം കുടുംബസമേതം താമസിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വന്ന മൂന്ന് ഡയറക്ടര്‍മാരും സ്ഥലംമാറ്റം വാങ്ങി പോയി. കുടുംബശ്രീ വാര്‍ഷികങ്ങള്‍ പണം തട്ടിപ്പിന്‍െറ മേളകളായി .പന്തല്‍, സൗണ്ട് സിസ്റ്റം, ഹോട്ടല്‍ മുറികള്‍, ഭക്ഷണം എന്നിവയുടെ കരാര്‍ ലീഗിന്‍െറ കോണ്‍ട്രാക്ടര്‍മാര്‍ക്ക് മാത്രമാണ്.
ഭക്ഷണത്തിന് പേരുകേട്ട കഫേ കുടുംബശ്രീക്കാര്‍ക്ക് കുടുംബശ്രീ വാര്‍ഷികത്തില്‍ സ്ഥാനമില്ല. ഭക്ഷ്യവിപണന മേളക്ക് 60 ലക്ഷം മുടക്കിയതില്‍ 25 ലക്ഷം സ്റ്റേജിനാണ്. ചെയര്‍പേഴ്സന്‍മാരുടെ കോണ്‍ഫറന്‍സിന് പത്തുലക്ഷം രൂപയാണ് ചെലവ്. വാര്‍ഷിക സമ്മേളനത്തിന്‍െറ സ്റ്റേജിനും പന്തലിനും 22 ലക്ഷം രൂപ. എല്ലാം കൂടി ഏതാണ്ട് ഒന്നരക്കോടി രൂപ. ഇത്തവണത്തെ വാര്‍ഷികത്തിന് ഒരു കോടി രൂപയാണ് മിഷന്‍ നല്‍കിയത്. അതു കൂടാതെ മലപ്പുറത്തെ 107 സി.ഡി.എസുകളില്‍നിന്ന് 5000 രൂപ വീതം പിരിവും നടത്തി. കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളില്‍നിന്ന് വലിയ തുക പിരിച്ചെടുക്കുകയും ചെയ്തു.
പിരിച്ച പണത്തിന് കണക്കില്ല. ദുബൈ ഫെസ്റ്റിവല്‍, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നടക്കുന്ന ക്രമക്കേടുകള്‍, ന്യൂട്രിമിക്സിലെ അഴിമതി തുടങ്ങിയവയൊക്കെ ബ്ളോഗില്‍ വിവരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.